തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസ്സിൽ എഴുത്തുപരീക്ഷയിൽ 30% മാർക്ക്, പരിഷ്‌കാരം നടപ്പാക്കിത്തുടങ്ങാനാണു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. അടുത്ത വർഷം മുതൽ എട്ടിലും ഒൻപതിലും ആക്കുകയും, പത്തിൽ പരിഷ്കാരം 2027 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ മുതലാകും ഇതു പ്രാബല്യത്തിലാകുക.
നിലവിലെ എട്ടാം ക്ലാസുകാർ 10–ാം ക്ലാസിലെത്തുന്നതു മുതലാകും എസ്എസ്എൽസിയിലും പരിഷ്കാരം നടപ്പാക്കുക. ഈ അധ്യയന വർഷം മുതൽ നിലവിലെ 10–ാം ക്ലാസുകാർക്ക് ഒറ്റയടിക്ക് ഈ പരിഷ്കാരം നടപ്പാക്കിയാൽ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നിലവിലെ എട്ടാം ക്ലാസുകാർക്ക് ഈ രീതി തുടങ്ങിയ ശേഷം അവർ 10–ാം ക്ലാസിലെത്തുമ്പോൾ മുതൽ എസ്എസ്എൽസിക്കും ബാധകമാക്കിയാൽ പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 9–ാം ക്ലാസ് വരെ ഗ്രേഡും മാർക്കും മാനദണ്ഡമാക്കാതെ എല്ലാവർക്കും സ്ഥാനക്കയറ്റം നൽകുന്ന രീതിയാണ്. ഇതിലും പരിഷ്കാരം വരുത്താനാണ് സർക്കാർ നീക്കം. 8,9 ക്ലാസുകളിലെ വാർഷിക എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടണമെന്ന നിബന്ധന നടപ്പാക്കുമ്പോഴും അത് നേടാത്തതിന്റെ പേരിൽ ആർക്കും അടുത്ത ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റം തടയില്ല. പകരം അവരും ആ നിലവാരം നേടിയെന്ന് ഉറപ്പാക്കിയ ശേഷം സ്ഥാനക്കയറ്റം നൽകാനാണ് തീരുമാനം. അതിനായി ഈ വിദ്യാർഥികൾക്ക് അധ്യാപക പിന്തുണയോടെ അവധിക്കാല പഠനമൊരുക്കി ‘സേവ് എ ഇയർ’ (സേ) പരീക്ഷ നടത്തുന്നതാണ് പരിഗണനയിൽ. എസ്‌സിഇആർടി ശുപാർശ ചെയ്യുന്നതും ഇതാണ്.