വയനാട്, മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തില്‍ താനും പങ്കാളി ജില്ലും പങ്കുചേരുന്നുവെന്നും ദുരന്തം നേരിട്ടവർക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.അതിസങ്കീർണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെ ധീരതയെ തങ്ങൾ അഭിനന്ദിക്കുന്നു. ഈ വേദനയ്ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളിൽ ചേർത്തുനിർത്തുന്നുവെന്നും ബൈഡൻ അറിയിച്ചു.
അതേസമയം, ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 316 ആയി. 200ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്ന് നാലാം ദിനത്തിലേക്ക് കടക്കുകയാണ്. 8000ൽ അധികം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞുവരുന്നത്. പൊലീസ്, സൈന്യം, അഗ്നിരക്ഷാ സേന, നാട്ടുകാർ മുതലായവർ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.