ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് തയ്യാറാണെന്നും ഇതിന് പ്രധാന കടമ്പ സംസ്ഥാനങ്ങളുടെ സമവായമാണന്നും കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് വ്യവസ്ഥകള്‍ നിയമത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ സമവായത്തിലെത്തണം. അവർ നിരക്ക് തീരുമാനിക്കുകയും സമവായത്തിലെത്തുകയും ചെയ്താല്‍ പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താം. പെട്ടന്ന് തന്നെ നടപ്പിലാക്കാം എന്നിങ്ങനെയായിരുന്നു ധനമന്ത്രിയുടെ വാക്കുകള്‍.
രാജ്യത്തെ ഉയർന്ന ഇന്ധന വില കുറയ്ക്കാനുള്ള നടപടിയായാണ് പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കാണുന്നത്. നിലവില്‍ പെട്രോളിനും ഡീസലിനും വാറ്റാണ് ചുമത്തുന്നത്. അതിനാല്‍ പ്രാദേശിക നികുതി അനുസരിച്ച് സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കിലാണ് പെട്രോള്‍ വില. വരുമാനം കുറയുമെന്നതിനാല്‍ പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂല നിലപാടല്ല.
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതിക്ക് മുകളില്‍ നികുതി ചുമത്തുന്നത് ഒഴിവാക്കും. പെട്രോളിനും ഡീസലിനും മുകളില്‍ കേന്ദ്രം എക്സൈസ് ഡ്യൂട്ടി ചുമത്തുമ്ബോള്‍ സംസ്ഥാനങ്ങള്‍ വാറ്റിലൂടെയാണ് വരുമാനം ഉണ്ടാക്കുന്നത്. ഇവയെ ജിഎസ്ടിയിലേക്ക് കൊണ്ടു വന്നാല്‍ 28 ശതമാനം എന്ന നിരക്കിലാണ് നികുതി ഈടാക്കുക.