മോസ്കോ: യുഎസിനെതിരെ അണ്വായുധ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ജർമനിയിലോ യൂറോപ്പിലെ മറ്റിടങ്ങളിലോ മിസൈലുകൾ വിന്യസിക്കാനാണ് യുഎസ് ഒരുങ്ങുന്നതെങ്കിൽ, ഇടത്തരം, ഹ്രസ്വദൂര അണ്വായുധങ്ങളുടെ ഉത്പാദനം പുനഃരാരംഭിക്കുമെന്നാണ് പുട്ടിന്റെ ഭീഷണി.
വിദേശത്ത് യുഎസ് മിസൈലുകൾ വിന്യസിക്കാത്തിടത്തോളം കാലം അത്തരം മിസൈലുകളുടെ ഉത്പാദനം റഷ്യയും പുനഃരാരംഭിക്കില്ലെന്നും സെൻ്റ് പീറ്റേഴ്സ്ബർഗിൽ നടന്ന നാവിക പരേഡിൽ പുട്ടിൻ പറഞ്ഞു. നേരത്തേ ജർമനിയില്‍ ക്രൂസ് മിസൈലുകൾ ഉൾപ്പെടെയുള്ള ദീർഘദൂര മിസൈലുകള്‍ വിന്യസിക്കുന്നത് 2026ഓടെ ആരംഭിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് റഷ്യയുടെ മുന്നറിയിപ്പ്. അടുത്തിടെ ഡെന്മാർക്കിലും ഫിലിപ്പീൻസിലും ടൈഫോൺ വിഭാഗത്തിലുള്ള മിസൈൽ സംവിധാനങ്ങൾ യുഎസ് ഉപയോഗിച്ചിട്ടുണ്ടെന്നു പുട്ടിൻ ആരോപിച്ചു.
500 മുതൽ 5,500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഇത്തരം മിസൈലുകളുടെ വിന്യാസം, 1987-ൽ യുഎസും സോവിയറ്റ് യൂണിയനും ഒപ്പുവച്ച ആയുധ നിയന്ത്രണ ഉടമ്പടിയുടെ ഭാഗമായി നിർത്തിവച്ചിരുന്നു. വൈകാതെ ഇരു രാജ്യങ്ങളും ഇതിൽനിന്ന് പിന്മാറി.
യുഎസ് ഇത്തരം മിസൈലുകൾ യൂറോപ്പിലാകെ വിന്യസിക്കുന്നത് ഭീഷണിയാണെന്നാണ് റഷ്യയുടെ വാദം. ഇതോടെ ഭാവിയിൽ അണ്വായുധ മിസൈലുകൾ റഷ്യയിലേക്ക് അയയ്ക്കാൻ പത്ത് മിനിറ്റ് സമയമേ യുഎസിന് വേണ്ടിവരൂ എന്നും റഷ്യ ഭയപ്പെടുന്നു. ശീതയുദ്ധ കാലത്തും ജർമനിയുടെ ഏകീകരണ സമയത്തും യുഎസ് മിസൈൽ സാന്നിധ്യം മേഖലയിൽ വർധിപ്പിച്ചിരുന്നു. എന്നാൽ ശീതയുദ്ധം അവസാനിച്ചതിനെത്തുടർന്ന്, യൂറോപ്പിൽ സ്ഥാപിച്ചിരുന്ന മിസൈലുകളുടെ എണ്ണം യുഎസ് ഗണ്യമായി കുറച്ചിരുന്നു.