ജലവിതരണ പദ്ധതികളുടെ നവീകരണം വൈകുന്നു; വേനലില്‍ കുടിവെള്ളക്ഷാമത്തിനു സാധ്യത

തിരുവനന്തപുരം 15 മാര്‍ച്ച്: സവേനലെത്തിയിട്ടും ജലവിതരണ പദ്ധതികളുടെ നവീകരണം വൈകുന്നതു കുടിവെള്ള വിതരണത്തിനു ഭീഷണിയായേക്കും. മുപ്പതു വര്‍ഷത്തോളം പഴക്കമുള്ള വണ്ടിച്ചിറ പദ്ധതിയില്‍ ഉപഭോക്താക്കള്‍ നുറിരട്ടി വരെ വര്‍ധിച്ചിട്ടും നിലവിലുള്ളതു പഴക്കംചെന്ന വിതരണസംവിധാനങ്ങളാണ്. ചെങ്കല്‍, കൊല്ലയില്‍ പഞ്ചായത്തുകളില്‍ ഭാഗികമായും പാറശാലയില്‍ പൂര്‍ണമായും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയില്‍ ദിവസവും മുപ്പത്തിയഞ്ചു ലക്ഷത്തോളം ലീറ്റര്‍ ജലമാണു വിതരണം ചെയ്യുന്നത്.
4300  ഗാര്‍ഹിക കണക്ഷനുകളും 275 പൊതുടാപ്പുകളും പദ്ധതിയിലുണ്ട്. നെയ്യാര്‍ ഡാമിലെ ഇടതുകര കനാല്‍ വഴി ജലം വണ്ടിച്ചിറ സംഭരണിയിലെത്തിച്ചാണു വിതരണം.  വേനല്‍ കടുക്കുമ്പോള്‍ ഡാമില്‍  നിന്നു  വിതരണത്തിനു നിയന്ത്രണമേര്‍പ്പെടുത്തുന്നതാണു വണ്ടിച്ചിറയെ പ്രതിസന്ധിയിലാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പന്ത്രണ്ടു ദിവസത്തോളം വിതരണം ചെയ്യുന്നതിനുള്ള ജലമേ സംഭരിക്കാനാകൂ. കഴിഞ്ഞ വേനലില്‍ സംഭരണി വറ്റിയതോടെ രണ്ടു മാസത്തിനുള്ളില്‍ നാലു തവണ മൂന്നു ദിവസം മുതല്‍ പത്തു ദിവസം വരെ പ്രദേശത്തു വിതരണം മുടങ്ങിയിരുന്നു. ചോര്‍ച്ച രൂക്ഷമായ സംഭരണിയില്‍ ശേഖരിക്കുന്നതിന്റെ പകുതിയോളം ജലവും പാഴാകുകയാണ്.
ജലസ്രോതസില്ലാത്ത വണ്ടിച്ചിറയില്‍ വെള്ളമെത്തിക്കുന്നതിനു നെയ്യാറിലെ അമരവിള, കാഞ്ഞിരംമൂട്, പിരായുംമൂട് തുടങ്ങിയ ഭാഗങ്ങളില്‍ പമ്പ്ഹൗസ് സ്ഥാപിച്ചു പൈപ്പ്മാര്‍ഗം വണ്ടിച്ചിറയിലെത്തിക്കാന്‍ പദ്ധതികള്‍ നല്‍കിയിരുന്നെങ്കിലും ദേശീയപാതയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള സാങ്കേതികപ്രശ്‌നങ്ങളും ചെലവും കാരണം പദ്ധതി ഏറെക്കുറെ ഉപേക്ഷിച്ച നിലയിലാണ്. 2.44 കോടി രൂപയുടെ രണ്ടാംഘട്ട വണ്ടിച്ചിറ വികസന പദ്ധതികള്‍ ആരംഭിച്ചെങ്കിലും സ്ഥലം ലഭിക്കുന്നതിനു നേരിടുന്ന കാലതാമസവും തിരഞ്ഞെടുപ്പു പ്രഖ്യാപനവും തിരിച്ചടിയായിട്ടുണ്ട്. പവതിയാന്‍വിള  മുതല്‍ പാറശാല ജംക്ഷന്‍ വരെയുള്ള 1250 മീറ്റര്‍ ദുരം നിലവിലെ അഞ്ച് ഇഞ്ചിനു പകരം ആറ് ഇഞ്ച് വ്യാസമുള്ള കാസ്റ്റ് അയണ്‍ പൈപ്പുകള്‍  സ്ഥാപിച്ചാല്‍ വിതരണം മെച്ചപ്പെടുത്താനാകുമെന്നു ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശത്തെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിനു  നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *