വാജ്പേയ് മിതവാദി: വിഎം സുധീരന്
തിരുവനന്തപുരം 19 മാര്‍ച്ച് : ഗുജറാത്ത് കലാപകാലത്ത് നരേന്ദ്രമോദി യോട് രാജ്ധര്മ്മം പാലിക്കണമെന്ന് പറഞ്ഞ അടല്‍ ബിഹാരി വാജ്പേയ് മിതവാദിയാണെന്ന കാര്യത്തില്‍ ഒരുസംശയവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് അഭിപ്രായപ്പെട്ടു. മോദി യുടെ കാലത്ത് വാജ്പേയിക്കോ, അദ്വാനിക്കോ പോലും സ്ഥാനമില്ലെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷം അതിനെ വളച്ചൊടിക്കുകയായിരുന്നു. വിദേശനയങ്ങളില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിലപാടുകളോട് ഏറെ സാമ്യമുള്ളവയാണ് വാജ്പേയുടെയും നിലപാടുകളെന്ന് പാര്‍ലമെന്റംഗങ്ങള്‍ തന്നെ വ്യക്തമാക്കിയതാണ്. പ്രതിരോധത്തിലായ പ്രതിപക്ഷം ഇത്തരം വാദമുഖങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരെഞ്ഞെടുപ്പിലെ താല്‍ക്കാലിക വിജയത്തിനായി വ്യക്തികളെ ആക്രമിക്കുന്ന രീതി ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് അഭിപ്രായപ്പെട്ടു. ഇന്ദിരാഭവനില്‍ നടന്ന് യുഡിഎഫ് ഇലക്ഷന് വെബ്സൈറ്റിന്റെയും കെ പി സി സിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര് സ്ഥാനാര്‍ത്ഥികളുടെ സ്വഭാവഹത്യ നടത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ പാടില്ലെന്ന യുഡിഎഫ് പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഒരു പാര്‍ട്ടിയും പ്രചരിപ്പിക്കാന്‍ പാടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടങ്ങളും ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികളും അടിസ്ഥാനപ്പെടുത്തിയുള്ള പ്രചരണമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
തങ്ങളുടെ ഫാസിസ്റ്റ് നയം അതിവിദഗ്ദമായി ജനങ്ങളിലേക്ക കടത്തിവിടാനുള്ള സംഘടിതമായ നീക്കമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് ഗുജറാത്ത് വംശഹത്യയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ വകവരുത്തുന്ന രീതിയാണ് ഇടതുപക്ഷം പിന്തുടരുന്നത്. ടിപി വധം മുതല്‍ പെരിഞ്ഞനത്തെ കൊലപാതകം വരെ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. തങ്ങളുടെ ഇത്തരം പ്രശ്നങ്ങള്‍ കൊണ്ട് പ്രതിരോധത്തിലായ സിപിഎം-ബിജെപി നേതൃത്വം സംഘടിതമായി വസ്തുതകളെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി നടപ്പിലാക്കുന്ന മോഡിസവും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്ന് ജനങ്ങള്‍ അവരെ അറിയിക്കും.
മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ചെറിയ പിണക്കങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെ ഐക്യമുന്നണി പ്രവര്‍ത്തകര്‍ ഒന്നിച്ച് ഒരേ മനസോടെ ഒറ്റപ്പാര്‍ട്ടിയായി മുന്നോട്ടുപോകുന്ന കാഴ്ചയാണ് എല്ലായിടത്തും കാണുന്നത്. ഐക്യമുന്നണി റെക്കോര്‍ഡ് വിജയം നേടിയാല്‍ ആരും അത്ഭുതപ്പെടേണ്ട കാര്യമില്ല. അതിനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(അജയ്/സുരേഷ്)