തരൂരിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ വ്യാജന്
തിരുവനന്തപുരം 4 മാര്‍ച്ച് (ഹിസ): മന്ത്രി ശശി തരൂരിന്റെ വികസന നേട്ടമെന്ന പേരിലുള്ള പരസ്യത്തിലും പുറത്തിറക്കിയ ലഘുലേഖയിലും വ്യാജചിത്രം. തമിഴ്നാട്ടിലെ റോഡിന്റെ ചിത്രമാണ് തിരുവനന്തപുരം മണ്ഡലത്തിലെ വികസനമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദേശീയപാത 47 ല്‍ കോയമ്പത്തൂരിനും സേലത്തിനുമിടയിലുള്ള നാല്വരിപാതയുടെ ബഹുവര്‍ണ ചിത്രം കാട്ടിയാണ് തരൂരിന്റെ തട്ടിപ്പ്.
തമിഴ്നാട് ഈറോഡിന് സമീപം ചിത്തോട് ടൗണ്‍ പ്രദേശത്തുകൂടി കടന്നു പോകുന്ന ദേശീയ പാതയാണ് തരൂര്‍ സ്വന്തം മണ്ഡലത്തിന്റെ ഭാഗമാക്കി മാറ്റിയത്. തലസ്ഥാന നഗരിയിലും മണ്ഡലത്തിലുട നീളവും തരൂര്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ഫഌക്സ് ബോര്‍ഡുകളുടെ പശ്ചാത്തലത്തിലും ചിത്തോട് പ്രദേശമാണുള്ളത്. വികസനനേട്ടമെന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ ഒന്നാം അധ്യായത്തിലെ അഞ്ചാം പേജിലും ഈ ചിത്രമുണ്ട്. മണ്ഡലത്തിലെ ദേശീയ പാതവികസനം വിശദീകരിക്കാനാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് അടിക്കുറിപ്പില്ല.
തിങ്കളാഴ്ച തലസ്ഥാനത്ത് ചില പത്രങ്ങളില്‍ നാല് പേജ് പ്രത്യേക സപ്ലിമെന്റും തരൂര്‍ പണം മുടക്കി പ്രസിദ്ധീരിച്ചിരുന്നു. വികസന വസന്തത്തിന്റെ നേര്കാഴ്ചകളെന്ന പേരിലുള്ള സപ്ലിമെന്റിന്റെ ഒന്നാം പേജില്‍ തരൂരിന്റെ ചിത്രത്തിന്റെ പിന്നിലും തമിഴ്നാട് റോഡാണ ചിത്രീകരിച്ചിരിക്കുന്നത്. ഇതുവരെയും നടപ്പാക്കിയിട്ടില്ലാത്തവയും എങ്ങുമെത്താത്തതുമായ പദ്ധതികളുടേതടക്കം അവകാശ വാദവുമായാണ് തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. അനശ്ചിതത്തിലായ വിഴിഞ്ഞം തുറമുഖ പദ്ധതി, തീരുമാനവുമാകാത്ത ഹൈക്കോടതി ബഞ്ച് തുടങ്ങിയവയെല്ലാം തന്റെ ശ്രമഫലമായി നടപ്പായിയെന്ന പ്രചാരണമാണ് തരൂര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.