സുരേഷ്ഗോപി പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും
തിരുവനന്തപുരം 12 മാര്‍ച്ച്: നടന് സുരേഷ്ഗോപി പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. മല്‍സരിക്കാന്‍ സുരേഷ്ഗോപി സന്നദ്ധത പ്രകടിപ്പിച്ചതായാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്കുന്ന വിവരം. എന്നാല്‍ ഷൂട്ടിംഗിന്റെ തിരക്കും മറ്റ് കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നാലും ഈമാസം 13 ന് ചേരുന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും സുരേഷ്ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെടുമെന്നുമാണ് ലഭിക്കുന്ന വിവരം.
ആറന്മുള വിമാനത്താവള വിഷയം ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന സുരേഷ്ഗോപിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ബി.ജെ.പി നേതൃത്വം. അതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയെ മല്‍സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം ചര്‍ച്ച തുടരുന്നതും. ബി.ജെ.പി മുന്‍ ദേശീയ പ്രസിഡന്റ് വെങ്കയ്യനായിഡു, സംസ്ഥാനാധ്യക്ഷന്‍ വി. മുരളീധരന്, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ എന്നിവര്‍ സുരേഷ്ഗോപിയുമായി പലകുറി ചര്‍ച്ച നടത്തി. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയും സുരേഷ്ഗോപിയുമായി ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്നവിവരം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നേരത്തെ തന്നെ സുരേഷ്ഗോപിയെ ബി.ജെ.പി ക്ഷണിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സുരേഷ്ഗോപി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് തന്റെ വോട്ട് ഇക്കുറി ഇരു മുന്നണികള്‍ക്കും ഇല്ളെന്ന പ്രസ്താവന സുരേഷ്ഗോപി നടത്തിയത്. പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ താല്പര്യമുണ്ടെന്ന് സുരേഷ്ഗോപി പറഞ്ഞതായാണ് ബി.ജെ.പി വൃത്തങ്ങള്‍ ഏറ്റവും ഒടുവില്‍ നല്കുന്ന വിവരം. സുരേഷ്ഗോപിയുടെ ഭാര്യവീട് പത്തനംതിട്ട മണ്ഡലത്തിലാണെന്നതും അദ്ദേഹത്തിനെ സ്ഥാനാര്‍ഥിയാകുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ എത്താന്‍ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഷൂട്ടിംഗിന്റെ തിരക്കുള്ളതിനാല്‍ ഒരുമാസം എങ്ങനെ പ്രചാരണപരിപാടികള്‍ക്ക് ഇറങ്ങുമെന്ന സംശയം സുരേഷ്ഗോപി ബി.ജെ.പി നേതാക്കള്‍ക്ക് മുന്നില്‍വച്ചതായും അറിയുന്നു. ആറന്മുള വിമാനത്താവള വിഷയത്തില്‍ ശക്തമായ നിലപാടാണ് ബി.ജെ.പി കൈക്കൊണ്ടുവരുന്നത്. അതിനാല്‍ സുരേഷ്ഗോപിയെ പോലെയൊരു സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍ അത് ഗുണം ചെയ്യുമെന്നും ബി.ജെ.പി വിലയിരുത്തുന്നു.
മുന്‍ അഡീ. ചീഫ്സെക്രട്ടറിയും എം.എല്‍.എയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരാണ് ആദ്യം പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരെ ഹിന്ദുസംഘടനകളില്‍ നിന്നും പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തെ അവിടെ പരിഗണിക്കേണ്ടതില്ളെന്ന് തീരുമാനിച്ചത്. കണ്ണന്താനത്തിന് ചിലപ്പോള്‍ കോട്ടയം സീറ്റ് നല്‍കിയേക്കുമെന്നും അറിയുന്നു. കോട്ടയത്ത് ബി.ജെ.പി ചില അടവ്നയങ്ങള് പ്രയോഗിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അത് യാഥാര്‍ഥ്യമാകുകയാണെങ്കില്‍ കണ്ണന്താനത്തിന് സീറ്റ് ലഭിക്കുമോയെന്ന കാര്യവും സംശയമാണ്. സി.പി.എം ചാലക്കുടിയില്‍ നടന് ഇന്നസെന്റിനെയാണ് സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ നടന് ജഗദീഷും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സുരേഷ്ഗോപി ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.