തെക്കന്‍കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
തിരുവനന്തപുരം 6 മാര്‍ച്ച്: ലോക്സഭാ വോട്ടെടുപ്പിന് ഒരുമാസവും നാലുദിവസവും മാത്രം ശേഷിക്കെ തെക്കന്‍ കേരളത്തില്‍ മത്സരചിത്രം ഭാഗികം. ആറ്റിങ്ങലിലും കൊല്ലത്തും സ്ഥാനാര്‍ഥിയെ ഉറപ്പിച്ച് സി.പി.എമ്മാണ് ഒരുപടി മുന്നിലെന്നുപറയാം. അതേസമയം തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ശശിതരൂര്‍ വീണ്ടും മല്‍സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു
കൊല്ലത്ത് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെയും ആറ്റിങ്ങലില്‍ നിലവിലെ എം.പി എ. സമ്പത്തിനെയും സിപിഎം സ്ഥാനാര്‍ഥികളാക്കിയതോടെ ഇടതുമുന്നണിക്ക് പതിവുപോലെ പ്രചാരണം നേരത്തെ തുടങ്ങാം. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തന്ത്രപരമായ നിലപാട് സ്വീകരിക്കുകയാണ് സിപിഎം. കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ ശശിതരൂര്‍ മാത്രമാണ് ഏതാണ്ട് ഉറച്ച സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും തരൂര്‍ ആഴ്ചകള്‍ക്ക് മുമ്പുതന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്ന് പറയാം. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാലും വോട്ടുചോദിച്ചുതുടങ്ങി. എന്നാല്‍ പറ്റിയ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ സി.പി.ഐ ആലോചനയിലാണ്. ആറ്റിങ്ങലിലും കൊല്ലത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ്സിന്റെ അവസ്ഥയും ഇതുതന്നെ. കൊല്ലത്ത് സിറ്റിങ് എം.പി എന്‍. പീതാംബരക്കുറുപ്പിനെ തന്നെ നിലനിര്‍ത്തുമോയെന്ന് കാര്യത്തില്‍ ഉറപ്പില്ല.
ആറ്റിങ്ങലില്‍ കഴിഞ്ഞതവണ മല്‍സരിച്ച പ്രഫസര്‍ പി. ബാലചന്ദ്രന് വീണ്ടും മല്‍സിക്കാന്‍ ഒരുസാധ്യതയുമില്ല. ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദുകൃഷ്ണയുടെയും പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ നീക്കുപോക്കിന് ഇടമിട്ടിരിക്കുകയാണ് സിപിഎം. ആറന്മുള പ്രശ്നവും അല്‍ഫോന്‍സ് കണന്താനും ബിജെപി സ്ഥാനാര്‍ഥിയായി വരുന്ന സാഹചര്യവും പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് പത്തനംതിട്ടയില്‍ പാര്‍ട്ടിചിഹ്നത്തില്‍ മല്‍സരിക്കുന്നയാള്‍ വേണോ അതോ സ്വതന്ത്രന് വേണോ അതോ ആര്.എസ്.പിയ്ക്ക് വിട്ടുകൊടുക്കണോ എന്നകാര്യത്തില്‍ ഊഹങ്ങള്‍ക്ക് ഇടംനല്‍കിയിരിക്കുന്നു.