സോളാറിന്റെ പേരില്‍ വീണ്ടും തട്ടിപ്പെന്നു പരാതി

തിരുവനന്തപുരം 8 മാര്‍ച്ച്: സോളാര്‍ കേസ് കേരളരാഷ്ട്രിയത്തിലുണ്ടാക്കിയ ചൂട് അടങ്ങുംമുന്‍പ് വീണ്ടും സോളാര്‍ തട്ടിപ്പെന്ന് പരാതി. തിരുവനന്തപുരത്തും എറണാകുളത്തും ഒട്ടേറെപ്പേര്‍ക്ക് സോളാര്‍ പാനലുകള്‍ വിതരണം ചെയ്ത റെന്‍സിങ്ക് ടെക്‌നോളജീസിനെതിരെയാണ് പരാതി. രണ്ടു മുതല്‍ 18 ലക്ഷം രൂപവരെ മുടക്കിയ മുന്നൂറോളം പേര്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ നടത്തിപ്പുകാരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

എന്നുതുടങ്ങിയ കമ്പനിയെന്ന് ആര്‍ക്കും നിശ്ചയമില്ല. ഫസ്റ്റ് ഗ്രിഡെന്ന പേരില്‍ തിരുവന്തപുരത്തെ ഉള്ളൂരിലായിരുന്നു ആദ്യപ്രവര്‍ത്തനം. പത്രപരസ്യംകണ്ട് കമ്പനിയെ സമീപിച്ചവരാണ് പലരും. ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് 3കെവിയുടെ സോളാര്‍ വാങ്ങിയ ശംഖുമുഖം സ്വദേശി റോയ് ചാക്കോയുടെ പാനല്‍ മൂന്നാംനാള്‍ പ്രവര്‍ത്തനരഹിതമായി. വിവരമറിയിച്ചതനുസരിച്ച് കമ്പനിയില്‍ നിന്ന് ആളെത്തി നന്നാക്കി നല്‍കി.
എന്നാല്‍ പിന്നെയും പണിമുടക്കിയപ്പോള്‍ അറിയിച്ചെങ്കിലും കമ്പനിയുടെ പ്രതികരണം തണുത്തതായിരുന്നു. ആലുവക്കാരായ ഹാഷിമും പിതാവ് ഇബ്രാഹിമുമാണ് കമ്പനി ഉടമകള്‍ എന്നല്ലാതെ കൂടുതലൊന്നും അറിയാതിരുന്ന ഇവര്‍ക്ക് പെട്ടെന്നൊരുദിവസം കമ്പനി പൂട്ടിയെന്ന വിവരമാണ് ലഭിച്ചത്.

സോളാര്‍ ഏജന്‍സി തട്ടിപ്പിന്റെ പേരിലുള്ള മറ്റൊരു കേസില്‍ ഇബ്രാഹിമിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. ടീംസോളാര്‍ തട്ടിപ്പ് പുറത്തുവന്നശേഷമാണ് ഫസ്റ്റ് ഗ്രിഡ് എന്ന പേര് മാറ്റി റെന്‍സിങ് എന്നാക്കിയെന്ന് അറിഞ്ഞു. ഉള്ളൂരിലേയും പേരൂര്‍ക്കടയിലെയും ഓഫീസുകള്‍ പൂട്ടിയതിനുപിന്നാലെ എറണാകുളത്തും പൂട്ടി. തലസ്ഥാനത്തുമാത്രം ഇരുന്നൂറിലേറെ പേരാണ് തട്ടിപ്പിനിരയായത്. ഉടമകളെ കുറിച്ച് ഒരു വിവരവുമില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ് തട്ടിപ്പിനിരയായവര്‍.

Add a Comment

Your email address will not be published. Required fields are marked *