റിമാന്‍ഡ് പ്രതിക്കു ജയിലില്‍ മര്‍ദനം; വാര്‍ഡനെതിരെ നടപടി വേണമെന്നു മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം 12 മാര്‍ച്ച്: റിമാന്‍ഡ് പ്രതികളെ മര്‍ദിച്ച സംഭവത്തില്‍ കൊല്ലം ജില്ലാ ജയിലിലെ ഗാര്‍ഡിനെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍. നടരാജന്‍. കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു ജില്ലാ ജയിലിലേക്കയച്ചവരോടു ഗാര്‍ഡ് ലത്തീഫ് അപമര്യാദയായി പെരുമാറിയെന്നും തനിക്കെതിരെ ആരോപണം ഉണ്ടാകാതിരിക്കാന്‍ ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തിയെന്നും തിരുവനന്തപുരം ജില്ലാജയില്‍ സൂപ്രണ്ട് സന്തോഷ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി ജയില്‍ ഡിജിപി കമ്മിഷനെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷന്‍ സ്വീകരിച്ചു.

2012 മെയ് ആറിനായിരുന്നു സംഭവം. കൊല്ലം ജില്ലാജയിലില്‍ പ്രവേശിക്കപ്പെട്ട ഇരവിപുരം സ്വദേശി ഷംനാദ്, മയ്യനാട് സ്വദേശികളായ ബിസ്മിന്‍, ഹാരിസ് എന്നിവരെ അര്‍ധനഗ്നരാക്കി മര്‍ദിച്ച കേസിലാണ് ഉത്തരവ്. ജിഡി മുറിയിലാണു മര്‍ദനം നടന്നത്. എന്നാല്‍ എതിര്‍കക്ഷി ആരോപണം നിഷേധിച്ചു. മര്‍ദനം നടന്ന സമയത്തു താന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു വിശദീകരണം. മര്‍ദനമേറ്റവരെ ചികിത്സിച്ച കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോ. നിഷ.പി. ഹരിയെ കമ്മിഷന്‍ വിസ്തരിച്ചു. കാലുകൊണ്ടു തൊഴിക്കുകയും ഇടിക്കുകയും ചെയ്തതായി ചികിത്സാ രേഖകളില്‍ നിന്നും കമ്മിഷന്‍ മനസിലാക്കി. യൂത്ത് കോണ്‍ഗ്രസിന്റെ മക്കളെ അടിക്കുമോ എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്നു പരാതിയില്‍ പറയുന്നു. പരാതി പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കി സെന്‍ട്രല്‍ ജയിലിലേക്കയക്കുമെന്നും വാര്‍ഡന്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. അടിവസ്ത്രത്തില്‍ നിര്‍ത്തി ശരീരഭാഷയെ കളിയാക്കിയെന്നും പരാതിയുണ്ട്. ജയിലില്‍ നിന്നിറങ്ങിയ ഉടനെയാണ് ഇവര്‍ കമ്മിഷനില്‍ പരാതി നല്‍കിയത്.
ജയിലില്‍ നടന്ന സംഭവത്തില്‍ സാക്ഷികളെ കണ്ടെത്തുന്നതു അസാധ്യമാണെന്ന് ആര്‍. നടരാജന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. ജയിലില്‍ നിരവധി ഉദ്യോഗസ്ഥര്‍ ഉള്ളപ്പോള്‍ ഒരാള്‍ക്കെതിരെ മാത്രം ആരും കള്ളപ്പരാതി നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു. ജയിലിലെത്തുന്ന പ്രതികളെ മര്‍ദിക്കാനോ, അപമര്യാദയായി പെരുമാറാനോ അവകാശമില്ല. വിചാരണ തടവുകാര്‍ക്കും മനുഷ്യാവകാശമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. നടപടി സ്വീകരിച്ച ശേഷം ജയില്‍മേധാവി കമ്മിഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിലുള്ളതായി കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *