പോലീസുകാരുടെ രാത്രികാല ഡ്യൂട്ടി നിരീക്ഷിക്കാന്‍ പുതിയ എസ്പിയുടെ കറക്കം; ഡ്യൂട്ടിക്കിടെ മദ്യപിച്ച പോലീസുകാരനെ പൊക്കി

തിരുവനന്തപുരം 6  മാര്‍ച്ച്: തിരുവനന്തപുരം റൂറല്‍ എസ്പിയായി പുതുതായി ചുമതലയേറ്റ രാജ്പാല്‍മീണ തന്റെ ജോലി രഹസ്യമായി തുടങ്ങി. തന്റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ക്രമസമാധാനപാലനത്തിലെ ആത്മാര്‍ത്ഥത മനസിലാക്കാനായി എസ്പി കഴിഞ്ഞ ദിവസം രാത്രിയില്‍ മിന്നല്‍ പരിശോധന നടത്തി. മിന്നല്‍പരിശോധനയില്‍ മദ്യപിച്ച് സുഖിച്ച് നടന്ന ഒരു പോലീസുകാരനെ കൈയോടെ പിടികൂടി സസ്‌പെന്‍ഡ് ചെയ്തു.
ആറ്റിങ്ങല്‍ പോലീസ് സ്‌റേഷനിലെ പോലീസുകാരനും ഹൈവേ പട്രോളിംഗ് സംഘാംഗവുമായ സുരേഷ് എന്ന പോലീസുകാരനെതിരെയാണ് എസ്പി നടപടിയെടുത്തത്. മദ്യപിച്ച് ഡ്യൂട്ടി ചെയ്ത ഇയാളെ എസ്പി കഴിഞ്ഞദിവസം പുലര്‍ച്ചെ ഹൈവെയില്‍ വച്ച് കൈയോടെ പൊക്കി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വേഷംമാറിയാണ് എസ്പി രാജ്പാല്‍ മീണയും കളത്തിലിറങ്ങിയത്. ഹൈവേയിലെ പോലീസുകാരുടെ ഡ്യൂട്ടി സ്വഭാവം മനസിലാക്കിയ എസ്പി ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നിയന്ത്രണത്തിലുള്ള വിവിധ പോലീസ് സ്‌റേഷനുകളിലും പരിശോധന നടത്തി. ഒരു പോലീസ് സ്‌റേഷനില്‍ പരിശോധനയ്ക്ക് കയറിയപ്പോള്‍തന്നെ മറ്റ് സ്‌റേഷനുകളിലേക്ക് വിവരമെത്തി.

ഇതോടെ എസ്പി സന്ദര്‍ശനം നടത്തിയ മിക്ക പോലീസ് സ്‌റേഷനുകളിലും വളരെ മര്യാദരാമന്മാരായി ആത്മാര്‍ത്ഥമായ ഡ്യൂട്ടി പോലീസുകാര്‍ കാഴ്ചവയ്ക്കുകയായിരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്‌റേഷനുകളിലെ പോലീസുകാര്‍ രാത്രികാലങ്ങളില്‍ ഡ്യൂട്ടിക്കിടെ പല ചുറ്റിക്കളികളും നടത്തുന്നുണ്െടന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു എസ്പിയുടെ രഹസ്യ പരിശോധന. തിരുവനന്തപുരം സിറ്റിയില്‍ ഡെപ്യൂട്ടി കമ്മീഷണറായും ആന്റി പൈറസി സെല്‍ മേധാവിയായും പ്രവര്‍ത്തിച്ചിരുന്ന രാജ്പാല്‍മീണ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചിരുന്നത്. തിരുവനന്തപുരം റൂറലിലെ ഗുണ്ടാസംഘങ്ങളെയും ക്രിമിനല്‍ സംഘങ്ങളെയും സഹായിക്കുന്ന പോലീസുകാര്‍ക്കെതിരെ സ്വീകരിക്കാന്‍ പോകുന്ന കര്‍ശന നടപടികളുടെ ആദ്യപടിയാണ് രാത്രിയില്‍ എസ്പി നടത്തിയ മിന്നല്‍പരിശോധന.

Add a Comment

Your email address will not be published. Required fields are marked *