ഇടതു മുന്നണി വിട്ടാല്‍ പീതാംബരന്‍ മാസ്ടര്‍ക്ക് ഗവര്‍ണര്‍ പദവി ?

കോട്ടയം:  ഇടതു മുന്നണി വിടാനുള്ള രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ  എൻ. സി. പി യുടെ സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർക്ക് ഗവർണർ പദവിവരെ വാഗ്‌ദാനമുള്ളതായി സൂചന. സംസ്ഥാന ഘടകം ഇടതുമുന്നണി വിടണമോ വേണ്ടയോ എന്ന് എത്രയും വേഗം അറിയിക്കണം എന്നാണ്  പാർട്ടി ദേശീയ പ്രസിഡന്റ് ശരത് പവാർആവശ്യപ്പെട്ടിരിക്കുന്നത് എന്നാണു സൂചന. യു.പി.എ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാലാണ് ഈ വാഗ്ദാനം എന്നും പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന ചർച്ചയിലാണ് ഇത്തരമൊരു നിർദ്ദേശം പവാർ മുന്നോട്ടു വച്ചതെന്നും അറിയുന്നു. ഇപ്പോൾ ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നതിന് വിരോധില്ല, പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എൻ. സി. പി കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുന്ന  രാഷ്ട്രീയ നിലപാടിനൊപ്പമായിരിക്കണം പാർട്ടി  സംസ്ഥാന ഘടകവും എന്ന നിർദ്ദേശവും പവാർ മുന്നോട്ടുവച്ചിട്ടുണ്ട്.  മുന്നണി വിട്ടാൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും , സംസ്ഥാന പ്രസിഡന്റുമായ പീതാംബരൻ മാസ്റ്റർ  പ്രസിഡന്റ് പദവി രാജിവയ്ക്കും,  പകരം മറ്റൊരാൾ  സംസ്ഥാന പ്രസിഡന്റ്  പദവിയിൽ എത്തും.
എന്നാൽ രണ്ട്  എം. എൽ. എ മാരെയും ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് മുന്നണി വിടാൻ ഒരുങ്ങുന്നവർ. എന്നാൽ ഉഴവൂർ വിജയനും, എ. കെ. ശശീന്ദ്രൻ എം. എൽ. എയും ഇടതു മുന്നണിക്കൊപ്പം നിൽക്കും എന്ന്  പ്രഖ്യാപിച്ചു കഴിഞ്ഞു. തോമസ് ചാണ്ടി എം.എൽ.എയേയും തങ്ങൾക്കൊപ്പം നിറുത്താനുള്ള നീക്കത്തിലാണ് ഇരുപക്ഷവും.   മുന്നണി മാറ്റം സംബന്ധിച്ച് കോൺഗ്രസുമായി അണിയറ ചർച്ചകൾ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ്  കഴിഞ്ഞേ ഇക്കാര്യത്തിലൊരു തീരുമാനം ഉണ്ടാവുകയുള്ളൂ.

അതേസമയം,ഇക്കാര്യങ്ങളെല്ലാം പാർട്ടി നേതാക്കൾ നിഷേധിക്കുന്നു.പാർലമെന്റ്തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് തരാത്തതിൽ പാർട്ടിക്ക് പ്രതിഷേധമുണ്ട്.എന്നാൽ,ഇടതുമുന്നണിവിടാന്‍തീരുമാനിച്ചിട്ടില്ലെന്നും നേതാക്കൾ. ഇടതുമുന്നണി സ്ഥാനാർത്ഥിക്കുവേണ്ടി പ്രചാരണത്തിൽ സജീവമാണെന്നും പാർട്ടിയിലെമുതിർന്ന നേതാക്കൾ പറഞ്ഞു.

(സുജില/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *