തീവ്രവാദ ബന്ധമുള്ള ഫയാസിന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ പോലീസുകാരുടെ വക ബാഡ്മിന്റണ്‍ കോര്‍ട്ട്

തിരുവനന്തപുരം 14 മാര്‍ച്ച്: രാജ്യാന്തര തീവ്രവാദ ബന്ധമുള്ള സ്വര്‍ണക്കടത്തുകാരന്‍ ഫയാസിനു വേണ്ടി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്. ഏഴാം ബ്ലോക്കിലെ അടുക്കള കെട്ടിടം ഇടിച്ചു നിരത്തിയാണ് കോര്‍ട്ട് പണിതത്. എന്നാല്‍ ഇതു വിവാദമായതോടെ കോര്‍ട്ട് ഉഴുതു മറിച്ച് പച്ചക്കറിത്തോട്ടമാക്കിക്കളഞ്ഞു. സംഭവത്തെക്കുറിച്ചു ജയില്‍ ഡിഐജി ബി.പ്രദീപ് പൂജപ്പുര ജയില്‍ സൂപ്രണ്ടിനോടു വിശദീകരണം തേടി. ഈ സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ജയില്‍ മേധാവി ഡിജിപി ടി.പി.സെന്‍കുമാര്‍ പ്രതികരിച്ചത്.
കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന തൊണ്ടന്റവിട ഫയാസ് ഉള്‍പ്പടെയുള്ള പ്രതികള്‍ കിടക്കുന്ന സെന്‍ട്രല്‍ ജയിലിലെ ഏഴാം ബ്ലോക്കിനു സമീപത്തെ അടുക്കള കെട്ടിടമാണ് കുറച്ചു ദിവസം മുന്‍പു ജയില്‍ അധികൃതര്‍ ഇടിച്ചു നിരത്തിയത്. ഫയാസ് അടക്കം നാലു കോഫെപോസ പ്രതികള്‍ ഈ ബ്ലോക്കിലുണ്ട്. ഇവര്‍ക്ക് രാവിലെയും വൈകിട്ടും ഷട്ടില്‍ കളിക്കാന്‍ കോര്‍ട്ട് നിര്‍മിക്കുന്നതിനാണ് ജയില്‍ മേധാവിയുടെയോ സര്‍ക്കാരിന്റെയോ അനുമിതിയില്ലാതെ കെട്ടിടം പൊളിച്ചത്. തുടര്‍ന്ന് ഏതാനും ദിവസം മുന്‍പു ഷട്ടില്‍ കോര്‍ട്ടും തയാറാക്കി. സെന്‍ട്രല്‍ ജയിലിലെ ഒരു ജയിലറുടെ വാക്കാല്‍ ഉത്തരവ് പ്രകാരം തടവുകാരെ കൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇതെല്ലാം ചെയ്യിച്ചത്.
എന്നാല്‍ കെട്ടിടം ഉത്തരവില്ലാതെ പൊളിച്ചതും ഷട്ടില്‍ കോര്‍ട്ട് ഉണ്ടാക്കിയതും ശരിയായ നടപടിയല്ലെന്നും അവിടെ കോര്‍ട്ട് പാടില്ലെന്നും ഈ ബ്ലോക്കിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ജയിലര്‍ മേലുദ്യോഗസ്ഥരോടു പറഞ്ഞു. അവര്‍ അതു ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ജയില്‍ റജിസ്റ്ററില്‍ തന്റെ അഭിപ്രായം അസിസ്റ്റന്റ് ജയിലര്‍ രേഖപ്പെടുത്തി. ഇതോടെ ഫയാസിനു വേണ്ടി കോര്‍ട്ട് വെട്ടിയവര്‍ വെട്ടിലായി. കോര്‍ട്ട് ഉഴുതുമറിച്ചു പച്ചക്കറി വിത്ത് പാകാന്‍ ജയില്‍ സൂപ്രണ്ട് അടിയന്തര ഉത്തരവിട്ടു. ബുധനാഴ്ച്ച രാവിലെ കോര്‍ട്ടില്‍ വിത്തുപാകി വെള്ളമൊഴിച്ചു. നെടുമ്പാശേരി വിമാനത്താവളം വഴി 20 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലാണ് ഫയാസ് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫയാസ് ഉള്‍പ്പടെയുള്ളവര്‍ നാലു തവണയായി 60 കിലോഗ്രാം സ്വര്‍ണം കടത്തിയെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ അറബി വേഷത്തിലെത്തി ഫയാസ് സന്ദര്‍ശിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സിപിഎം നേതാവ് പി.മോഹനനെ ഫയാസ് ജയിലില്‍ സന്ദര്‍ശിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ടിപി കേസിലെ പ്രതി കൊടി സുനിയുമായി ഫയാസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സ്‌പെഷല്‍ ബ്രാഞ്ചും കണ്ടെത്തിയിരുന്നു. മാത്രമല്ല ഫയാസിന്റെ പൊലീസ് ഉന്നതരുമായുള്ള ബന്ധം കേരള പൊലീസ് അന്വേഷിച്ചു വരുകയാണ്. ഫയാസിന്റെ രാജ്യാന്തര തീവ്രവാദ ബന്ധം ഉന്നത ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിപക്ഷ  നേതാവ് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.  അതിനിടെയാണ് കോഴിക്കോട് ജയിലിലെ പോലെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരും ഇയാള്‍ക്കു വേണ്ടി വഴിവിട്ട നടപടികള്‍ കൈക്കൊണ്ടത്. സാധാരണ ജയിലിലെ ഏതെങ്കിലും കെട്ടിടം പൊളിക്കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി അതിന്റെ മൂല്യം തയാറാക്കണം. തുടര്‍ന്ന് ജയില്‍ മേധാവിയുടെയും സര്‍ക്കാരിന്റെയും അനുമതിയോടെ മാത്രമേ ഇതു പൊളിക്കാന്‍ പാടുള്ളൂ.
എന്നാല്‍ ജയില്‍ മേധാവി ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. സെന്‍കുമാര്‍ ജയില്‍ മേധാവി ആയി ചുമതലയേറ്റ ഉടന്‍ തന്നെ ഓരോ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന കാര്യങ്ങള്‍ ഉടന്‍ തന്റെ മൊബൈല്‍ ഫോണില്‍ അറിയിക്കണമെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അതും ആരും ചെയ്തില്ല. അതേസമയം റിപ്പര്‍ ജയാനന്ദന്റെ ജയില്‍ ചാട്ടത്തിനു ശേഷം ജയില്‍ സുരക്ഷയെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കിയ മൂന്നംഗ ഉന്നതല സമിതി മതിലിനരികിലുള്ള അനാവശ്യ കെട്ടിടം പൊളിച്ചു കളയണമെന്നു ശുപാര്‍ശ നല്‍കിയതായി പൂജപ്പുര ജയില്‍ അധികൃതര്‍ പറയുന്നു. അതിന്റെ അടിസ്ഥാനത്തിലത്രേ അടുക്കള കെട്ടിടം പൊളിച്ചത്. മുന്‍പു നഗരത്തിലെ കണ്ണടക്കച്ചവടക്കാരന്‍ കോഫെപോസ കേസില്‍ ഇവിടെ കിടന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു യുറോപ്യന്‍ ക്ലോസറ്റും പ്രതിയുടെ വീട്ടില്‍ നിന്നു കൊണ്ടു വന്ന ടിവിയും സ്ഥാപിച്ചത് വിവാദമായിരുന്നു. അന്നെല്ലാം ഈ അടുക്കളയിലായിരുന്നു പാചകം. ഇപ്പോള്‍ പ്രതികളുടെ എണ്ണം കുറവായതിനാല്‍ ഇവിടെ പാചകമില്ല. ജയില്‍ അടുക്കളയില്‍ നിന്നാണ് ഇവര്‍ക്കും ഭക്ഷണം എത്തിക്കുന്നത്.

Add a Comment

Your email address will not be published. Required fields are marked *