മുട്ടത്തു വര്ക്കിയെക്കുറിച്ചു ഡോക്യുമെന്ററി; കഥമുട്ടത്തു വര്‍ക്കി;
തിരുവനന്തപുരം 15 മാര്‍ച്ച്: സാഹിത്യകാരന്, പത്രപ്രവര്ത്തകന്, സിനിമാ പ്രവര്ത്തകന് എന്നീ നിലകളില്‍ മികച്ച സംഭാവനകള്‍ നല്കിയ മുട്ടത്തുവര്‍ക്കിയെക്കുറിച്ചുള്ള ഡോക്കുമെന്ററി പ്രദര്‍ശനത്തിന് തയാറായി. കഥമുട്ടത്തു വര്‍ക്കി എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നാളെ രാവിലെ 8.30ന് കൈരളി തീയറ്ററില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കും.
മുട്ടത്തുവര്‍ക്കിയുടെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതരേഖയുടെ പശ്ചാത്തലത്തില്‍ മലയാള വായനയുടെ ചരിത്രഗതിയെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതാണ് ഡോക്കുമെന്ററി. ചെന്നൈ, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, ഈരാട്ടുപേട്ട, ചങ്ങനാശേരി ചെത്തിപ്പുഴ, അടൂര്‍ പ്രദേശങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സബ് എഡിറ്ററായി പത്രപ്രവര്‍ത്തനം തുടങ്ങിയ മുട്ടത്തുവര്‍ക്കി 24 വര്‍ഷം ദീപികയില്‍ ജോലിനോക്കി. മുട്ടത്തുവര്‍ക്കി ദീപികയില്‍ ജോലി നോക്കിയിരുന്ന എഡിറ്റോറിയല്‍ വിഭാഗത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റിയതിനാല്‍ പത്രപ്രവര്‍ത്തന കാലം പുറത്താണ് ചിത്രീകരിച്ചത്. 28 സിനിമകള്‍ക്ക് മുട്ടത്തുവര്‍ക്കി തിരക്കഥയെഴുതി. ജനപ്രിയ സിനിമകള്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. സാധാരണ ജീവിതവുമായി അഭേദ്യബന്ധം പുലര്‍ത്തിയിരുന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുട്ടത്തുവര്ക്കിയുമായി അടുത്തിഴപഴകിയിരുന്ന നാട്ടുകാരുടെ ഓര്‍മകളിലൂടെയും അനുഭവാവിഷ്കാരത്തിലൂടെയുമാണ് ഡോക്കുമെന്ററി ചിത്രീകരിച്ചിട്ടുള്ളത്. മുട്ടത്തുവര്ക്കിയോടൊപ്പം സിനിമയിലും നാടകത്തിലും മറ്റുമേഖലകളിലും പ്രവര്‍ത്തിച്ചവര്‍ ഓര്‍മകളുമായി രംഗത്തുവരുന്നു.
മുട്ടത്തുവര്‍ക്കിയുടെ ബാല്യം മാസ്റ്റര്‍ ആരോണും യൗവനം മുട്ടത്തുവര്‍ക്കിയുടെ ചെറുമകന് അടൂര്‍ ബിബിനും വാര്‍ധക്യം തൃശൂര്‍ ചന്ദ്രനുമാണ് അവതരിപ്പിക്കുന്നത്. നാലരവര്‍ഷം രോഗാതുരനും ശയ്യാവലംബിയുമായി കഴിഞ്ഞ തൃശൂര്‍ ചന്ദ്രന്റെ അഭിനയ ജീവിതത്തിലേക്കുള്ള രണ്ടാംവരവാണ് മുട്ടത്തുവര്‍ക്കി ഡോക്കുമെന്ററി. മുട്ടത്തുവര്ക്കിയുമായുള്ള രൂപസാദൃശ്യമാണ് തൃശൂര്‍ ചന്ദ്രനെ തെരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. മുട്ടത്തുവര്‍ക്കിയുടെ ഭാര്യ തങ്കമ്മച്ചിയുടെ വേഷം ചെയ്തത് നാടക, സീരിയല്‍ നടി വത്സലാ ജയിംസാണ്. വിഷന്‍ 3000ന്റെ ബാനറില്‍ കഥ മുട്ടത്തുവര്ക്കിയെന്നു പേര്നല്കിയിരിക്കുന്ന ഡോക്കുമെന്ററി സംവിധാനം ചെയ്യുന്നത് റോയ് പി. തോമസാണ്. ഭരതന്, പത്മരാജന് ചിത്രങ്ങളില്‍ കലാസംവിധായകനായിരുന്നു റോയ്.പി. തോമസ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് സെക്രട്ടറി പ്രഫ. മാത്യു.ജെ. മുട്ടത്ത് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ 25 ചെറുമക്കള്‍ ഒത്തുചേര്‍ന്ന് സമര്‍പ്പിക്കുന്ന സ്മരണാഞ്ജലിയാണ് ഈ ചിത്രം.