മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നുവെന്നും സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ അതിവേഗം ഇടപെടുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കുംഭമേള ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. വിഐപികള്‍ക്ക് പിന്നാലെ പോയ യോഗി സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ സാധാരണക്കാരായ തീര്‍ത്ഥാടകരുടെ ജീവന്‍ ബലി കഴിച്ചെന്ന് കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ കുറ്റപ്പെടുത്തി.
◾ രാജ്യത്തിന്റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആര്‍ഒ. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിര്‍ണായ ഉപഗ്രഹമായ എന്‍വിഎസ്-2 വിജയകരമായി ഭ്രമണപഥത്തില്‍ വിന്യസിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 സാറ്റ്ലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു മിഷന്‍ ഡയറക്ടര്‍.
◾ എലപ്പുള്ളിയിലെ ബ്രൂവറി അനുമതി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെയാണെന്നുള്ള മന്ത്രിസഭാ നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്. വിശദീകരണത്തിനായി എക്‌സൈസ് മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചു. ജനുവരി 15 നാണ് മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കാനുള്ള നോട്ട് വരുന്നത്. എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും കണ്ട നോട്ടില്‍ മറ്റ് വകുപ്പുകളുമായി ആലോചിച്ചിട്ടില്ലെന്ന് വ്യക്തമായി പറയുന്നു. കൃഷി- ജലവിഭവവകുപ്പുകളൊന്നും അത് കൊണ്ട് അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും നോട്ടിലുണ്ട്.
◾ പാലക്കാട് മദ്യനിര്‍മാണശാലക്കെതിരെയുള്ള നിലപാട് വ്യക്തമാക്കി സിപിഐ. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഐ നിലപാട് അറിയിച്ചിരിക്കുന്നത്. വിഷയം കൃഷിക്കാരിലും കര്‍ഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരിയുടേതാണ് ലേഖനം. വെള്ളം മദ്യനിര്‍മാണ കമ്പനിക്ക് വിട്ടുനല്‍കിയാല്‍ നെല്‍കൃഷി ഇല്ലാതാകും. സംസ്ഥാന താല്‍പര്യത്തിന് നിരക്കാത്ത പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് ലേഖനത്തിലെ ആവശ്യം.
◾ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാന്‍ ആണെന്നും പാലക്കാട് എസ്പി അജിത്കുമാര്‍. പ്രതിയെ പുറത്തു വിടാതിരിക്കാന്‍ വേണ്ട നടപടി പൊലീസ് സ്വീകരിക്കുമെന്നും വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പൊലീസിന്റെ പരിശോധന ഇയാള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാന്‍ കാരണമെന്നും എസ്പി പറഞ്ഞു.
◾ നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ലോക്കപ്പിലെത്തിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ഭക്ഷണം. സുധാകരനുമായി തലേദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് ചെന്താമര പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ പ്രതി വിഷം കഴിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയില്‍ വ്യക്തമായി. ഇപ്പോള്‍ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലുള്ള ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
◾ വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ നിര്‍ണായക വ്യാപാര കവാടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോണ്‍ക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
◾ കാലിക്കറ്റ് സര്‍വകലാശാല ഡിസോണ്‍ കലോത്സവത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കെഎസ് യു വിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ലെന്ന് എംഎസ്എഫ് വ്യക്തമാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനില്‍ മേധാവിത്വം നഷ്ട്ടപ്പെട്ട ശേഷം നിരന്തരം എസ്എഫ്‌ഐ അക്രമം അഴിച്ചു വിടുകയാണെന്നും കലകളെ എസ്എഫ്‌ഐ രക്തക്കലകളാക്കുന്നുവെന്നും എംഎസ്എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി .
◾ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്യു നേതാക്കള്‍ അറസ്റ്റില്‍. കെഎസ്യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറര്‍ സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്‌ഐ നേതാക്കളുടെ പരാതിയില്‍ ഇന്നലെ ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലില്‍ ഉളളത്. സമാന ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു. വസ്തുതകള്‍ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്.
◾ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തുന്നത് വസ്തുതാ പരിശോധനമാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ, അര്‍ധ ജുഡീഷ്യല്‍ അധികാരമോ ഇല്ല. മുനമ്പത്തെ താമസക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന ശുപാര്‍ശകളാകും കമ്മീഷന്‍ നല്‍കുക. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
◾ ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നേതാക്കളെ വിമര്‍ശിച്ച് വയനാട് ഡിസിസി ഓഫീസില്‍ പോസ്റ്ററുകള്‍. എന്‍ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎല്‍എയ്ക്കും എതിരെയാണ് പോസ്റ്ററുകള്‍. ‘കൊലയാളി സംഘത്തെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്.
◾ എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പി.സി ചാക്കോക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ആറ്റുകാല്‍ അജി രംഗത്തെത്തി. പി.എസ്. സി അംഗത്തിന്റെ നിയമനത്തിന് പി.സി. ചാക്കോ കൈക്കൂലി വാങ്ങിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്ത സംഭവത്തില്‍ അസ്വാഭാവികത ആരോപിച്ച് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നുവെന്നും കാടിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അതിക്രമിച്ചു കയറിയെന്നും പരാതിയില്‍ പറയുന്നു.
◾ സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാര്‍ച്ച് 31ന് മുമ്പ് ബസിന്റെ മുന്‍വശം, പിന്‍വശം, അകംഭാഗം എന്നിവ കാണുന്ന രീതിയില്‍ മൂന്ന് ക്യാമറകള്‍ സ്ഥാപിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
◾ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ സ്ഥാപിച്ച കെഎസ്യുവിന്റെ കൊടിമരവും തോരണങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തെന്ന് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്യു യൂണിറ്റ് ക്യാംപസില്‍ സ്ഥാപിച്ച കൊടിമരമാണ് തകര്‍ത്തിരിക്കുന്നത്. കെഎസ്യു പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
◾ രാജ്യത്തെ ഏറ്റവും കൂടുതല്‍ സിപിഎം അംഗങ്ങളും, വര്‍ഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലാ ഘടകമായി കണ്ണൂര്‍. നിലവില്‍ 65,550 സിപിഎം മെമ്പര്‍മാരാണ് കണ്ണൂര്‍ ജില്ലയില്‍ ഉള്ളത്. 4421 ബ്രാഞ്ചുകള്‍, 249 ലോക്കല്‍ കമ്മിറ്റികള്‍, 18 ഏരിയ കമ്മിറ്റികള്‍ എന്നിവ ചേര്‍ന്നുള്ള കണക്കാണിത്. പാര്‍ട്ടിയിലെ വനിതകളുടെ എണ്ണത്തിലും കണ്ണൂര്‍ ജില്ല തന്നെയാണ് മുന്നില്‍.
◾ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇനി മുതല്‍ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. പ്രതിഭാഗ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയില്‍ കയറാന്‍ ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സെഷന്‍സ് കോടതി ഉത്തരവിട്ടത്.
◾ ബസ് കയറി കണ്ടക്ടര്‍ മരിച്ചു. തൃശൂര്‍ എളവള്ളി പറയ്ക്കാട് സ്വദേശിയായ ധനേഷിനാണ് (39) ദാരുണാന്ത്യം. ഇന്നലെ രാവിലെ തൃശൂരിലേക്ക് പോകുകയായിരുന്ന ബസിന്റെ പിന്‍വാതിലില്‍ നിന്നിറങ്ങി മുന്‍വാതിലിലേക്ക് ചാടി കയറിയപ്പോള്‍ പിടുത്തം കിട്ടാതെ ബസിനടിയിലേക്ക് വീഴുകയായിരുന്നു. കടവല്ലൂര്‍ കപ്പേളക്ക് സമീപത്തുള്ള സ്റ്റോപ്പില്‍ നിന്നെടുത്ത ബസ് ധനേഷിന്റെ അരഭാഗത്തുകൂടി കൂടി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനേഷിനെ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
◾ മലപ്പുറം കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണന്‍ (25) ആണ് മരിച്ചത്. സൗരവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ സൗദി അറേബ്യയിലെ പുണ്യ പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചു. സൗദി അറേബ്യയുടെ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സൗദി ഓഹരി വിപണി ശക്തിപ്പെടുത്തുക, മക്ക,മദീന എന്നിവിടങ്ങളിലെ ഭാവി വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
◾ കൃത്രിമ സൂര്യനെ ഉപയോഗിച്ച് ഉയര്‍ന്ന താപനില സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ചൈനയുടെ ‘കൃത്രിമ സൂര്യന്‍’ എന്നറിയപ്പെടുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറാണ് വീണ്ടും ലോക റെക്കോര്‍ഡ് തകര്‍ത്തത്. എക്‌സ്പിരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍കണ്ടക്റ്റിംഗ് ടോകാമാക് അഥവാ ഈസ്റ്റ് 1,066 സെക്കന്‍ഡ് നേരത്തേക്ക് സൂപ്പര്‍-ഹോട്ട് പ്ലാസ്മ നിലനിര്‍ത്തുന്നതില്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്.
◾ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക് ഏറ്റെടുക്കാന്‍ ചര്‍ച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ടിക്ടോക് ഏറ്റെടുക്കല്‍ നടപടികളില്‍ നിന്ന് ചൈനയെ ഒഴിവാക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ചര്‍ച്ചകളെ കുറിച്ച് പ്രതികരിക്കാന്‍ മൈക്രോസോഫ്‌റ്റോ ടിക്ടോക്കോ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
◾ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് പുതിയ ഉത്തരവ്. ആണും പെണ്ണും എന്ന ജെന്‍ഡര്‍ മാത്രമെ ഇനി യുഎസില്‍ ഉണ്ടാകൂവെന്നും സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
◾ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ കൊലപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സന്റെ പുതിയ വെളിപ്പെടുത്തല്‍. ദ ടക്കര്‍ കാള്‍സണ്‍ ഷോ എന്ന കാള്‍സന്റെ പോഡ്കാസ്റ്റിലാണ് വിവാദ പരാമര്‍ശം. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെയാണ് ഇത്തരത്തില്‍ ഒരു വധ ശ്രമം ഉണ്ടായതെന്ന് പറയുന്ന കാള്‍സണ്‍ തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വിശദീകരിച്ചിട്ടില്ല.
◾ ബഹിരാകാശത്ത് കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാന്‍ ഇലോണ്‍ മസ്‌കിനോട് സഹായം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുനിത വില്ല്യംസിനെയും വില്‍മോറിനെയും തിരിച്ചെത്തിക്കാന്‍ നാസ സ്‌പെയ്‌സ് എക്‌സിനോട് ബന്ധപ്പെട്ടെങ്കിലും ബൈഡന്‍ സര്‍ക്കാര്‍ ഇത് നീട്ടികൊണ്ട് പോവുകയായിരുന്നുവെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞു.
◾ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. നാലു ദിവസം മുമ്പ് ജനുവരി 24ന് കുറിച്ച പവന് 60,440 രൂപയാണ് ഇന്ന് പഴങ്കഥയായത്. ഇന്ന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് വില 7,595 രൂപയാണ്. പവനില്‍ 680 രൂപ ഉയര്‍ന്ന് 60,760 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 75 രൂപ വര്‍ധിച്ച് 6,275 രൂപയായി. വെള്ളിവില മാറ്റമില്ലാതെ 98 രൂപയില്‍ തന്നെയാണ്. ആഗോള തലത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔണ്‍സിന് 2,764.26 ഡോളറാണ് അന്താരാഷ്ട്ര വില. വരും ദിവസങ്ങളില്‍ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് 2025 തുടങ്ങുന്നത്. 57,200 രൂപയായിരുന്നു ജനുവരി ഒന്നിലെ വില. എന്നാല്‍ പിന്നീടങ്ങോട്ട് ഒരു കുതിപ്പായിരുന്നു. ജനുവരി 22 എത്തിയപ്പോള്‍ വില 60,000 രൂപ പിന്നിട്ടു. ഈ മാസം മാത്രം പവന് കൂടിയത് 3,000 രൂപയാണ്.