വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജയന്റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുടുംബത്തിന് സഹായവും സംരക്ഷണവും പാര്‍ട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം അനഭിലഷണീയ പ്രവണതകളില്‍ പാര്‍ട്ടിക്ക് കടിഞ്ഞാന്‍ വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
◾ എന്‍ എം വിജയന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഐ സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതില്‍ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരിക്കുന്നത്.
◾ റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും സമരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആലോചനയെന്നും മന്ത്രി ജി ആര്‍ അനില്‍. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെയും സര്‍ക്കാരിനെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടു സമരത്തില്‍ നിന്ന് പിന്മാറണമെന്നും സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾ ബ്രൂവറി അഴിമതി അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവരാത്തതെന്തുകൊണ്ടെന്ന മന്ത്രി എംബി രാജേഷിന്റെ ചോദ്യത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. പാര്‍ലമെന്ററികാര്യമന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങള്‍ മന്ത്രിക്ക് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ കഴിയില്ല എന്നതാണ് ചട്ടമെന്നും അതുകൊണ്ടാണ് ബ്രൂവറി വിഷയം അടിയന്തര പ്രമേയമായി സഭയില്‍ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
◾ നേതൃമാറ്റം ഉടനില്ലെന്ന് കെ സുധാകരന് ഹൈക്കമാന്‍ഡിന്റെ ഉറപ്പ് ലഭിച്ചു. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എഐസിസിയുടെ മറുപടി. കെ സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും. ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണെന്നാണ് വിവരം. ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയ പേരുകള്‍ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
◾ താനും കെ സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെയും ഫോണില്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഇക്കാര്യം പറഞ്ഞ് ചിരിച്ചുവെന്നും സിപിഎമ്മിലെ പോലെ നേതാക്കളെ വിമര്‍ശിക്കാന്‍ പറ്റാത്ത പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും തനിക്കെതിരെ വിമര്‍ശനമുണ്ടായാല്‍ താനതിന് മറുപടി പറയുമെന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
◾ കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളി കെ മുരളീധരന്‍. നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാര്‍ട്ടിയില്‍ ചര്‍ച്ചയില്ലെന്നും എന്നാല്‍ ഡിസിസി ഭാരവാഹി തലത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
◾ പൊതു ഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്നും അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താന്‍ പറയുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാകുന്നുവെന്നും ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.
◾ താത്ക്കാലിക നിയമനം സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ നാല് ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ ഉത്തരം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ നാല് വര്‍ഷം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവിടങ്ങളിലെ താത്ക്കാലിക നിയമനം സംബന്ധിച്ചായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ക്രോഡീകരിച്ചില്ലെന്നാണ് നാല് ചോദ്യങ്ങള്‍ക്കുമുള്ള മറുപടി.
◾ തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി ഒരാള്‍ വെന്തുമരിച്ചു. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. റിട്ട. ബാങ്ക് ജീവനക്കാരന്‍ സിബിയാണ് മരിച്ചത്. വീട്ടില്‍ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. എങ്ങനെയാണ് തീപിടിച്ചതെന്നതില്‍ വ്യക്തതയില്ല.
◾ കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ എഡിജിപി പി വിജയന്. അഗ്‌നിരക്ഷാ സേനയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മധുസൂദന്‍ നായര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേര്‍ക്കും അഗ്‌നിരക്ഷാ സേനയില്‍ അഞ്ച് പേര്‍ക്കും ജയില്‍ വകുപ്പിലെ അഞ്ച് പേര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.
◾ വയനാട്ടിലെ നരഭോജി കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍. രാവിലെ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കടുവയെ കൂട്ടില്‍ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂടുതല്‍ ആളുകള്‍ തെരച്ചിലിനു ഇറങ്ങിയാല്‍ കടുവ പ്രദേശത്തു നിന്നും നീങ്ങാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വ്യാപക തെരച്ചില്‍ ഇന്നുണ്ടാവില്ലെന്നും തെര്‍മല്‍ ഡ്രോണ്‍ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
◾ മാനന്തവാടിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് പത്തരയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു. അതേസമയം വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിലാണ് ഹര്‍ത്താല്‍. എസ്ഡിപിഐയും പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ആലുവയില്‍ 11.46 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന ആരോപണത്തില്‍ പി.വി. അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് എടത്തല പഞ്ചായത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരുടെ മൊഴിയെടുത്തു.
◾ കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും കൊന്നു തിന്നതായും കണ്ടിരുന്നു. ഇതോടെ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്.
◾ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നന്ദി പറഞ്ഞ് കത്തയച്ച് കണ്ണൂരിലെ ആറാം ക്ലാസ്സുകാരി ഫാത്തിമ. താനും കൂട്ടുകാരും ഭയങ്കര ഹാപ്പിയാണെന്നും ഈ സന്തോഷത്തിന് കാരണം വിദ്യാഭ്യാസ മന്ത്രിയാണെന്നും ഫാത്തിമ കുറിച്ചു. മൈസൂരില്‍ പഠന യാത്രയ്ക്ക് പോകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫാത്തിമ കത്തില്‍ പറയുന്നു. പണമില്ല എന്ന കാരണത്താല്‍ ഒരു കുട്ടിയെയും പഠനയാത്രയില്‍ നിന്ന് മാറ്റിനിര്‍ത്തരുത് എന്ന മന്ത്രിയുടെ ഉത്തരവ് പാലിച്ച കേരളത്തിലെ ആദ്യത്തെ സ്‌കൂള്‍ തന്റേതാണെന്നതില്‍ അഭിമാനമുണ്ടെന്നും വിദ്യാര്‍ത്ഥി കുറിച്ചു.
◾ ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം.