സീറോ മലബാർ സഭയുടെ മാണ്ഡ്യരൂപതാദ്ധ്യക്ഷനായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കേന്ദ്ര എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്(ED) ഉദ്യോഗസ്ഥർ മൂന്നര മണിക്കൂർ സമയം ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ജനുവരി ആറു മുതൽ പതിനൊന്നുവരെ തീയതികളിൽ കാക്കനാട് മൗണ്ട് സെ.തോമസിൽവച്ച് നടന്ന സീറോ മലബാർ സഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ഒന്നാം സമ്മേളനത്തിന്റെ സമാപനദിവസമായ ശനിയാഴ്ച വൈകുന്നേരമാണ് ചോദ്യം ചെയ്യൽ നടന്നത്. ഫോർട്ടുകൊച്ചിയിലുള്ള ഇന്ത്യൻ നേവൽ കാന്റീൻ ഗസ്റ്റ് ഹൗസിൽവച്ചാണ് വൈകുന്നേരം അഞ്ചു മണിമുതൽ എട്ടരമണി വരെ ഇ.ഡി. ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഒരു ഇന്നോവ കാറിലാണ് അദ്ദേഹം ളോവയണിഞ്ഞ് സ്ഥലത്തെത്തിയത്. ഈ മാസം പതിനേഴാം തീയതി വീണ്ടും ഹാജരാകണമെന്ന നിർദ്ദേശത്തോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. പക്ഷേ, ഇന്നലെ അദ്ദേഹം ഹാജരായില്ല.ഈ വരുന്ന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച ഹാജരായിക്കൊള്ളാമെന്ന് ഒരു വക്കീൽ മുഖാന്തിരം അപേക്ഷ സമർപ്പിച്ച് രക്ഷപ്പെടുകയാണുണ്ടായത്.ഒരു സർക്കാരിതര സ്ഥാപനമായ Save-a-Family Plan(India) യുടെ Executive Director എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മേൽപ്പറഞ്ഞ സ്ഥാപനത്തിലേക്ക് ഒഴുകിയെത്തുന്ന കോടിക്കണക്കായ വിദേശപണം വഴിവിട്ട് രാജ്യ വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങൾക്കായി വെറും കടലാസ് പ്രോജക്ടുകൾ തയ്യാറാക്കി ദുരുപയോഗം ചെയ്യുന്നു എന്ന വ്യാപകമായ ആക്ഷേപങ്ങളെയും പരാതികളെയും മുൻനിർത്തിയാണ് NIA യുടെ നിർദ്ദേശപ്രകാരം ED ഉദ്യോഗസ്ഥർ ഗൗരവപൂർവ്വം ചോദ്യം ചെയ്യൽ നടത്തിവരുന്നത്. സീറോ മലബാർ സഭയിലെ പല മെത്രാന്മാർക്കും കടലാസ് പ്രോജക്ടുകൾ തയ്യാറാക്കി കോടിക്കണക്കിന് രൂപ കൈമാറിക്കൊണ്ട് അവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
യഥാർത്ഥത്തിൽ എറണാകുളം- അങ്കമാലി അതിരുപതാംഗമായിരുന്ന മോൺ. അഗസ്റ്റിൻ കണ്ടത്തിൽ 1965 ൽ കാനഡയിൽവച്ച് രൂപം കൊടുത്ത കുടുംബസഹായ പദ്ധതിയാണ് സേവ്-എ- ഫാമിലി പ്ലാൻ(S. A. F. P). അന്താരാഷ്ട്രതലത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു സർക്കാരിതര സന്നദ്ധ സംഘടനയാണിത്. തുടക്കത്തിൽ ദരിദ്രകുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി ഉദാരമനസ്കരിൽനിന്ന് സംഭാവനകൾ സ്വരൂപിച്ച് ഗഡുക്കളായി പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകിപ്പോന്നിരുന്നു. പിന്നീട് കുടുംബങ്ങളെ സ്വയംപര്യാപ്തതയിലെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് സ്വയം തൊഴിൽപദ്ധതികൾക്കും മറ്റും പ്രാധാന്യം കൊടുത്തു കൊണ്ട് പ്രവർത്തനം വിപുലീകരിച്ചു. ഈ ലക്ഷ്യം സാധിതമാക്കാനായി ഗവർമ്മെന്റ് ഏജൻസികളിൽനിന്നും എൻ.ജി.ഒ. സംഘടനകളിൽനിന്നും വിഭവസമാഹരണം നടത്തി പാവപ്പെട്ട കുടുംബങ്ങളെ സഹായിച്ചുപോന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളെ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞൂർ പാറപ്പുറം കേന്ദ്രമാക്കി ‘ ഐശ്വര്യഗ്രാം’ എന്ന പേരിൽ Save – a -Family Plan( India )
എന്ന സ്ഥാപനം തുടങ്ങിയതു്.
മോൺ. അഗസ്റ്റിൻ കണ്ടത്തിൽ കാനഡയിലുള്ള തന്റെ ഓഫീസിൽ സഹായികളായി എറണാകുളം അതിരൂപതക്കാരായ പല വൈദികരെയും വിവിധ കാലയളവുകളിൽ അതിരൂപതാദ്ധ്യക്ഷന്റെ അനുമതിയോടെ നിയമിച്ചു പോന്നിരുന്നു. ഏറ്റവും ഒടുവിലായി നിയമിക്കപ്പെട്ടത് ഫാ.സെബാസ്റ്റ്യൻ എടയന്ത്രത്തിനെയായിരുന്നു. 1983 ഡിസംബർ 18 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഏതാനും വർഷങ്ങൾക്കുശേഷം കാനഡയിലെ സേവ്-എ- ഫാമിലി പദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമിതനായി. 2001 ജൂലൈ 18 ന് പദ്ധതിയുടെ സമാരംഭകനായ മോൺ. അഗസ്റ്റിൻ കണ്ടത്തിൽ നിര്യാതനായതോടെ ഫാ.സെബാസ്റ്റ്യൻ SAFP യുടെ ജീവാത്മാവും പരമാത്മാവുമായിത്തീർന്നു. അന്നുമുതൽ പദ്ധതിയെ അപ്പാടെ തന്റെ വരുതിയിലാക്കി.അങ്ങനെയിരിക്കെയാണ് അദ്ദേഹത്തെ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവ് 2002 ഏപ്രിൽ 20 ന് എറണാകുളം അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്തത്. എങ്കിലും SAFP Executive Director സ്ഥാനം മറ്റാർക്കും കൈമാറാൻ അദ്ദേഹം കൂട്ടാക്കിയില്ല എന്നു മാത്രമല്ല SAFP യെ തന്റെ കുടുംബസ്വത്തു പോലെ കൈകാര്യം ചെയ്യാനും തുടങ്ങി. പിന്നീട് 2019 സെപ്റ്റംബർ 8 ന് അദ്ദേഹം മാണ്ഡ്യാരുപതയുടെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടുവെങ്കിലും
SAFP യുടെ ചുമതല അപ്പോഴും ആർക്കുംതന്നെ കൈമാറാൻ തയ്യാറുമായിരുന്നില്ല. കോടിക്കണക്കിനു രൂപയാണല്ലോ ആരോടും Accountability ഇല്ലാതെ ഈ പദ്ധതിയിലൂടെ യഥേഷ്ടം കൈകാര്യം ചെയ്യാനാവുന്നത്.ഏതെങ്കിലും പിതാക്കന്മാർ ഈ പദ്ധതിയുടെ എക്കൗണ്ടബിലിറ്റിയെക്കുറിച്ച് ചോദിച്ചാൽ അവരുമായി കലഹിച്ചല്ലാതെ പിരിയുമായിരുന്നില്ല. മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ അനുഭവം അത്തരത്തിലുള്ളതായിരുന്നു.
പാവങ്ങളെ സഹായിക്കാൻ വിദേശരാജ്യങ്ങളിലെ ഉദാരമതികളായ വിശ്വാസികൾ ഈ പദ്ധതിയിലേക്ക് നൽകുന്ന കോടിക്കണക്കായ സംഖ്യ പാവങ്ങളിലേക്കെത്തിക്കാതെ വിധ്വംസക പ്രവർത്തനങ്ങൾക്കായും എറണാകുളം അതിരൂപതയിലെ വിമതവൈദികരുടെയും അവരുടെ കൂട്ടാളികളായ അത്മായരുടെയും സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കായും രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നവർക്കായും കടലാസ് പ്രോജക്ടുകളിലൂടെ കൊടുത്തുവരുന്നതായും പരക്കെ ആക്ഷേപമുണ്ട്. ഈയടുത്തകാലത്തു അതിരൂപതയിലെ ഒരു അത്മായ മുന്നേറ്റ നേതാവിന് 40 ലക്ഷം രൂപ വ്യാജ കടലാസ് പ്രോജക്ട് തയ്യാറാക്കി SAFP യിൽ നിന്ന് നേരിട്ട് നൽകുകയുണ്ടായത്രെ!! മാത്രമല്ല, കേരളത്തിലെ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട തീവ്രവാദികളുടെ പക്കൽനിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിക്കൊണ്ട് സ്വന്തം സമുദായത്തിൽത്തന്നെ കലാപം സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിച്ചുവരുന്നതായും പരാതികൾ പല കോർണറുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്ര ഗവർമ്മെന്റിനും NIA യ്ക്കും ED യ്ക്കും പരാതി പോയിട്ടുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് NIA കാഞ്ഞൂർ പാറപ്പുറത്തുള്ള ഐശ്വര്യഗ്രാമിൽ(Save-a-Family Plan(India)Office) രണ്ടു മാസം മുമ്പ് Raid നടത്തി 40- ഓളം ഫയലുകൾ പിടിച്ചെടുത്തുകൊണ്ടുപോയത്.ആ NIA ഉദ്യോഗസ്ഥരുടെ ശുപാർശപ്രകാരമാണ് ED യുടെ ഉന്നതോദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി മാർ എസ്. എടയന്ത്രത്തിനെ ചോദ്യം ചെയ്തുവരുന്നത്. ഇത്തരുണത്തിൽ സീറോ മലബാർ സഭാസിനഡ് മുൻകൈ എടുത്തുകൊണ്ട് SAFP യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം അദ്ദേഹത്തിൽനിന്ന് എടുത്തുമാറ്റി എറണാകുളം അതിരൂപതാ ദ്ധ്യക്ഷനിൽ എത്രയുംവേഗം നിക്ഷിപ്തമാക്കേണ്ടിയിരിക്കുന്നു.