ഇത്തവണത്തെ മന്നം ജയന്തി ആഘോഷങ്ങളിൽ അറ്റോർണി ജനറലിനെ മുഖ്യാതിഥിയായി ക്ഷണിച്ച സുകുമാരൻ നായർക്ക് കിട്ടിയത് എട്ടിന്റെ പണി.
സമദൂരം പറയുകയും എന്നാൽ ജയന്തി സമ്മേളനവേദി എല്ലാ കാലത്തും കോൺഗ്രസ് നേതാക്കൾക്ക് മാത്രമായി സംവരണം ചെയ്യുകയും ചെയ്തിരുന്ന സുകുമാരൻ നായർ ഇത്തവണ അറ്റോർണി ജനറലിനെ സമ്മേളനത്തിലേക്ക് വിളിച്ചത് വ്യക്തമായ ചില ഗൂഢോദ്ദേശ്യങ്ങളോടെയായിരുന്നു. കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങളുടെ പേരിൽ ബഹു.
ഹൈക്കോടതിയിലും മറ്റ് കോടതികളിലും തനിക്കെതിരെ നില നിൽക്കുന്ന കമ്പനി, ക്രിമിനൽ കേസുകളിൽ അനുകൂല തീരുമാനം ഉണ്ടാകാൻ അറ്റോർണി ജനറലിന്റെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്താം എന്നതായിരുന്നു മനസ്സിലിരുപ്പ്. നായർ സമുദായത്തിൽ നിന്ന് ഒരു കേന്ദ്ര മന്ത്രിയുണ്ടായിട്ടും അദ്ദേഹത്തെ പോലും വിളിക്കാതെ കേന്ദ്ര സർക്കാറിന്റെ അറ്റോർണി ജനറലിനെ വിളിച്ചതിന്റെ ഗൂഢോദ്ദേശ്യം മനസ്സിലാക്കിയ പാർട്ടിയനുഭാവികളായ ചില സമുദായാംഗങ്ങൾ തന്നെ കേന്ദ്ര നിയമമന്ത്രിക്കും അറ്റോർണി ജനറലിനും കേസുകളുടെ വിശദാംശങ്ങൾ കാണിച്ച് പരാതികൾ സമർപ്പിച്ചിരുന്നതായും അറ്റോർണി ജനറലിന്റെ ഓഫീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നിജസ്ഥിതി ബോദ്ധ്യപ്പെട്ടതിനാലാണ് അദ്ദേഹം സമ്മേളനത്തിൽ നിന്ന് പിന്മാറിയതെന്നും പറയപ്പെടുന്നു. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് ഇന്നലെ ഇറക്കാതിരുന്നെങ്കിൽ ദേശീയ ദുഃഖാചരണം കാരണമാണ് പങ്കെടുക്കാത്തത് എന്ന് പറഞ്ഞു മുഖം രക്ഷിക്കാമായിരുന്നു. എന്തായാലും മന്നം ജയന്തി സമ്മേളനത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യാതിഥി തനിക്ക് മറ്റ് ജോലിത്തിരക്ക് ഉണ്ടെന്നു പറഞ്ഞു പിന്മാറുന്ന ആദ്യത്തെ സംഭവവും അതിന്റെ കാരണം പവിത്രമായ ഈ സമ്മേളന വേദിയെ പോലും ദുരുപയോഗം ചെയ്യാനുളള സുകുമാരൻ നായരുടെ സ്വാർത്ഥ ചിന്തയുമാണ്. നിജസ്ഥിതി എന്തായാലും ഗുരുതരമായ നിയമലംഘനങ്ങളുടെ പേരിൽ അര ഡസനോളം കേസുകൾ നേരിടുന്ന ഒരു വ്യക്തിയുമായി വേദി പങ്കിടുന്നതിൽ നിന്ന് പിന്മാറി തന്റെ ഓഫീസിന്റെ ഔന്നത്യവും നീതി ബോധവും കാത്തു സൂക്ഷിച്ച അറ്റോർണി ജനറൽ തികച്ചും അഭിനന്ദനം അർഹിക്കുന്നു.
തെരഞ്ഞെടുപ്പിന് വളരെ മുൻപേ തന്നെ സമുദായ നേതാക്കളെ ഉപയോഗിച്ച് പാർട്ടിയെ സമ്മർദ്ദത്തിലാക്കി മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കാനുളള രമേശ് ചെന്നിത്തലയുടെ നീക്കത്തിൽ യുഡിഎഫ് ലും കോൺഗ്രസിലും അമർഷം പുകയുകയാണ്.
സമദൂരം പറയുകയും എന്നാൽ ഒരു പാർട്ടിയുടെ നേതാക്കളെ മാത്രം സ്ഥിരമായി പെരുന്നയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതിൽ എൻ എസ് എസ് നേതാക്കൾക്കിടയിൽ തന്നെ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ട് എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. എന്തായാലും പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഇത് എൻ എസ് എസ് ൽ സുകുമാര യുഗം അവസാനിക്കുന്നു എന്ന ശുഭസൂചനയാണ് നൽകുന്നത്.