കരിമ്പട്ടികയിൽപെട്ട സോഫ്റ്റ്വെയർ കമ്പനിക്ക് 10 ലക്ഷം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റ കൈമാറുന്നതുമായ വിഷയത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് എബിവിപി ഗവർണർക്ക് പരാതി നൽകി.
സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിലെ സർവകലാശാലകൾ സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ മഹാരാഷ്ട്രയിലെ യൂണിവേഴ്സിറ്റികൾ കരിമ്പട്ടികയിൽ പെടുത്തിയ MKCL എന്ന കമ്പനിക്ക് കൈമാറുകയാണ്. സർക്കാരിന്റെ കമ്പനിയാക്കി യിട്ടുള്ള അസാപ്പിനാണ്, കെ -റീപ് (Kerala Resource for Education, Administration and Planning) എന്ന പേരിൽ ഒരു പുതിയ സോഫ്റ്റ്വെയർ നിർമ്മിക്കാൻ അനുമതി നൽകിയിട്ടുള്ളത്. സർവ്വകലാശാലകളിലെയും കോളേജിലേയും മുഴുവൻ വിദ്യാർത്ഥികളുടെയും എല്ലാ ഡേറ്റകളും കേ-റീപ്പിന്റെ സർവറിൽ അപ്ലോഡ് ചെയ്ത് സർവ്വകലാശാലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തിലാണ് വിദ്യാർത്ഥികളുടെ മൊത്തം ഡേറ്റയും കൈമാറുന്നത്. ടെൻഡറിൽ പങ്കെടുക്കാത്ത ഒരു സ്ഥാപനത്തിന് സർവ്വകലാശാല വിദ്യാർത്ഥികളുടെ ഡാറ്റാ കൈമാറുന്നതും, സർവ്വകലാശാലകളാകട്ടെ അസാപ്പുമായോ, MKCL മായോ യാതൊരു കരാറിലും ഒപ്പുവയ്ക്കാതെ രേഖകൾ കൈമാറുന്നതും ഗുരുതരമായ വീഴ്ചയാണ്.
ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ്പും തമ്മിലുള്ള ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി വിസി മാരുടെ യോഗം വിളിച്ചുചേർത്ത് കെ റീപ്പിന് വിദ്യാർത്ഥികളുടെ രേഖകൾ കൈമാറാൻ വിസി മാരോട് ആവശ്യപ്പെട്ടത് MKCL നെ സഹായിക്കാനാണ്. സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസിയായ MKCL മായി അസാപ് തയ്യാറാക്കിയ ധാരണ പത്രമോ,MKCL എങ്ങിനെ അസാപ് ന്റെ പ്രൊവൈഡർ ആയി എന്നതും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള സിഡിറ്റ് പോലുള്ള സ്ഥാപനങ്ങളെയും
ടെണ്ടർ നൽകിയിരുന്ന
ടാറ്റാ കൺസൾട്ടൻസി സർവീസ്, ഐഐടി ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളേയും ഒഴിവാക്കിയ ശേഷമാണ് അസാപ്പിലൂടെ ടെൻഡറിൽ പങ്കെടുക്കാത്ത മഹാരാഷ്ട്രയിലെ MKCL(Maharashtra Knowledge Corporation Ltd)എന്ന ഏജൻസിക്ക് കെ റീപ്പിന്റെ കരാർ നൽകാൻ തീരുമാനിച്ചത് പ്രതിഷേധാർഹമാണ്. ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അല്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമരം സംഘടിപ്പിക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പ്രസ്താവിച്ചു.