സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷമായിരിക്കും വിമാനം ഇടുക്കിയിലേക്ക് യാത്ര തിരിക്കുക.
കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഈ സർവീസ് വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയിൽ സീപ്ലെയിൻ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയവാഡയിൽ നിന്നാണ് സീപ്ലെയ്ൻ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ൻ കൊച്ചിയിൽ എത്തിയിരുന്നു.
ഡി ഹാവ് ലാൻഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്നാണ് കൊച്ചിയിൽ എത്തിയത്. കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവരാണ് വിമാനത്തിൻ്റെ പൈലറ്റുമാർ. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ. മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാവും സീപ്ലെയ്ൻ സ്വീകരിക്കുക.
സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പാക്കുന്ന അനുഭവവേദ്യ, സുസ്ഥിര, ഉത്തരവാദിത്ത ടൂറിസം, ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഇത് ഊര്‍ജ്ജമേകും. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിന്‍ സര്‍വീസുകളിലൂടെ സാധിക്കും. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്രചെയ്യാനും അനുഭവവേദ്യ ടൂറിസത്തിന്റെ ഭാഗമാകാനും സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.