മരുഭൂമിയില്‍ മഴ പെയ്യുക എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് അതുക്കും മേലെയാണ്. ചരിത്രത്തിലാദ്യമായി അറേബ്യന്‍ മരുഭൂമിയില്‍ മഞ്ഞ് വീണിരിക്കുകയാണ്. മഞ്ഞ് മാത്രമല്ല വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും, കൊടുംകാറ്റും ഒക്കെ ഉണ്ടാകുമത്രേ. ഈ മഞ്ഞുവീഴ്ചയുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അത്ഭുത കാഴ്ചയാണ്. അവര്‍ തണുത്ത കാറ്റിന്റെയും വെള്ളപുതച്ച അന്തരീക്ഷത്തിന്റെയും കുളിര്‍മ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ കുറച്ചുദിവസങ്ങളായി കനത്ത മഴയും അസാധാരണമായ കാലാവസ്ഥയുമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ മഞ്ഞ് വീഴ്ച ഉണ്ടായത് അല്‍-ജൗഫ് മേഖലയിലാണ്. കനത്ത മഴ മഞ്ഞ് മാത്രമല്ല അതിനെതുടര്‍ന്ന് വെള്ളച്ചാട്ടവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ആളുകളാണ് മഞ്ഞുവീഴ്ചയുടെ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചുകൊണ്ട് തങ്ങളുടെ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തത്. ‘ ഇത് ആശ്ചര്യത്തിന്റെ ലോകം, വരണ്ട ഭൂപ്രകൃതി ശീതകാല വിസ്മയ ഭൂമിയായി മാറി ,കനത്ത മഴയ്ക്ക് മുന്‍പുണ്ടായ അഭൂതപൂര്‍വ്വമായ മഞ്ഞുവീഴ്ചയാണെന്നും ഫോട്ടോ പങ്കുവച്ചുകൊണ്ട് ഒരു എക്സ് ഉപഭോക്താവ് എഴുതി. ഇത്തരത്തിലുളള അസാധാരണമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ സാധാരണ ഗതിയില്‍ സൗദി അറേബ്യയില്‍ ഉണ്ടാവാറില്ല.ചട്ടിപ്പറമ്പ്ന്യൂസ്,എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്തുകൊണ്ടാണ് സൗദിയില്‍ മഞ്ഞ് പെയ്തത്
അറബിക്കടലില്‍നിന്ന് ഒമാനിലേക്ക് പടരുന്ന ന്യൂനമര്‍ദ്ദമാണ് അസാധാരണമായി മഞ്ഞ് വീഴ്ച ഉണ്ടാവാന്‍ കാരണമെന്നാണ് യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ടിലുളളത്. ആഗോളമായ കാലവസ്ഥാ വ്യതിയാനങ്ങളും മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷവുമൊക്കെയാണ് മരുഭൂമിയിലെ മഞ്ഞ് വീഴ്ച പോലെ അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം.സൗദി അറേബ്യയയില്‍ ഇത് അപൂര്‍വ്വമാണെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹാറ മരുഭൂമിയിലെ ഒരു നഗരത്തിലും മഞ്ഞുവീഴ്ച ഉണ്ടായിരുന്നു.