ഗുരുവായൂർ:സമഗ്ര വികസനത്തിനായി തയ്യാറാക്കിയ ഗുരുവായൂർ അമൃത് മാസ്റ്റർ പ്ലാൻ പിണറായി സർക്കാർ അംഗീകരിച്ചു.
അമൃത് മാസ്റ്റർ പ്ലാനിന് വാജ്പേയിയുടെ പേര്.
ഗുരുവായൂർ അമൃത് മാസ്റ്റർ പ്ലാനിന് മൂന്ന് വട്ടം ഭാരതത്തിന്റെ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയിയുടെ പേരാണ് നൽകിയിട്ടുള്ളത്.
നഗര വികസനത്തിനായി ശ്രീ. നരേന്ദ്ര മോദി രൂപം നൽകിയ അമൃത് (Atal Mission for Rejuvanation and Urban Transformation – AMURT) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗുരുവായൂർ അമൃത് മാസ്റ്റർ പ്ലാൻ നടപ്പിലാക്കുക. 450 ഓളം പേജുകളുള്ള അമൃത് മാസ്റ്റർ പ്ലാൻ 1.97 കോടി രൂപ ചിലവിലാണ് സംസ്ഥാന നഗരാസൂത്രണ – നഗര സംവിധാന വിദഗ്തർ വർഷങ്ങളെടുത്ത് തയ്യാറാക്കിയത്.
റോഡുകൾ വീതി വർദ്ധിപ്പിക്കും: രണ്ട് വരി പാതയാക്കി മാറ്റും
താഴെ പറയുന്ന റോഡുകൾ ഇരട്ടിയിലധികം വീതി വർദ്ധിപ്പിച്ച് ആധുനിക രണ്ട് വരിപ്പാത നിർമ്മിക്കും. ഇതിന്ന് ആവശ്യമായ ഭൂമി അക്വിസിഷൻ ചെയ്യും.
ഗുരുവായൂർ – ചൂണ്ടൽ റോഡ് (28 മീറ്റർ), ഗുരുവായൂർ – കുന്നംകുളം റോഡ് (28 മീറ്റർ), ഗുരുവായൂർ – ആൽത്തറ റോഡ് (19 മീറ്റർ), ഗുരുവായൂർ – പഞ്ചാരമുക്ക് റോഡ് (19. 5 മീറ്റർ), ഗുരുവായൂർ പടിഞ്ഞാറെ നട – മുതുവട്ടൂർ റോഡ് (22 മീറ്റർ), ചൊവ്വല്ലൂർ പ്പടി തൈക്കാട് തിരിവ് – പാവറട്ടി റോഡ് (19 മീറ്റർ), ഗുരുവായൂർ ഔട്ടർ റിംങ് റോഡ് (22 മീറ്റർ), മാവിൻ ചുവട് – ശവക്കോട്ട റോഡ് (22 മീറ്റർ), കൊളാടിപ്പടി – കോതകുളങ്ങര ക്ഷേത്രം റോഡ് (22 മീറ്റർ), ഗുരുവായൂർ ഇന്നർ റിംങ് റോഡ് (19. 5 മീറ്റർ), പേരകം റോഡ് (19. 5 മീറ്റർ), കോട്ടപ്പടി സെന്റർ – തമ്പുരാൻ പടി റോഡ് (19. 5 മീറ്റർ), തൈക്കാട് 110 KV സബ്ബ് സ്റ്റേഷൻ – ഇരിങ്ങപ്പുറം – കോട്ടപ്പടി റോഡ് (20. 75 മീറ്റർ), ഗുരുവായൂർ ബാബു ലോഡ്ജ് – മാണിക്കത്ത് പടി – മാമബസാർ റോഡ് (20. 75 മീറ്റർ), ഗുരുവായൂർ – എടപ്പുള്ളി – ഗാന്ധിനഗർ റോഡ് (18. 75 മീറ്റർ), അങ്ങാടിത്താഴം – ചക്കംകണ്ടം കായൽ റോഡ് (18. 75 മീറ്റർ) വീതിയിൽ ഭൂമി ഏറ്റെടുത്ത് ആധുനിക ഇരട്ട വരി പാത നിർമ്മിക്കും. ഈ റോഡുകളുടെ രണ്ട് വശങ്ങളിലും 2.5 മീറ്റർ വീതിയിൽ മനോഹരമായ നടപ്പാതകളും നിർമ്മിക്കും. ഗുരുവായൂരിലെ ലോക്കൽ റോഡുകളെല്ലാം 12 മീറ്റർ വീതിയിൽ പുനർ നിർമ്മിക്കും.
വീതി കൂട്ടി വികസിപ്പിക്കുന്ന ജഠങ്ഷനുകൾ
താഴെ പറയുന്ന ജംങ്ഷനുകൾ ഭൂമി ഏറ്റെടുത്ത് ആധുനികവും, ശാസ്ത്രീയവുമായ രീതിയിൽ വികസിപ്പിക്കും.
മമ്മിയൂർ, കോട്ടപ്പടി, ചൊവ്വല്ലൂർപടി തൈക്കാട് തിരിവ്, മുതുവട്ടൂർ, ഗുരുവായൂർ കിഴക്കേനട മജ്ഞുളാൽ , ഓവുങ്ങൽ പള്ളി സെന്റർ, ഗുരുവായൂർ പടിഞ്ഞാറെ നട , കോട്ടപ്പടി ശവക്കോട്ട സെന്റർ, ഗുരുവായൂർ മാവിൻ ചുവട്, കാരക്കാട് കോയ ബസാർ, തഹാനി സെന്റർ (ശ്രീകൃഷ്ണ സ്കൂൾ), റെയിൽവേ സ്റ്റേഷൻ റോഡ് സെന്റർ, ഈസ്റ്റ് നട, പഞ്ചാരമുക്ക്, പാലുവായ് , മാമബസാർ. ഈ ജംങ്ഷനുകൾ ലോകോത്തര നിലവാരത്തിൽ സൗന്ദര്യവത്കരണവും നടത്തും.
ഹെലിപ്പാഡും, പുതിയ മേൽപ്പാലവും, ബസ് സ്റ്റാന്റുകളും
കൊളാടിപ്പടി – കോതകുളങ്ങര – പാവറട്ടി റോഡിൽ പുതിയ റെയിൽവേ മേല്പാലം നിർമ്മിക്കും. തൈക്കാട് തിരിവ് – ബ്രഹ്മക്കുളം റോഡ്, പള്ളി റോഡ് – മാവിൻ ചുവട് , കോട്ടപ്പടി സെന്റർ, പഞ്ചാരമുക്ക് സെന്റർ, പടിഞ്ഞാറെ നട – മുതുവട്ടൂർ റോഡ്, മാമബസാർ, തമ്പുരാൻ പടി, പുന്നത്തൂർ ആനകോട്ട, ചക്കംകണ്ടം എന്നിവിടങ്ങളിൽ മിനി ബസ് സ്റ്റാന്റുകൾ, ഗുരുവായൂരപ്പ തീർത്ഥാടകരുടെ ബസ് പാർക്കിംങ് സെന്ററുകൾ, തീർത്ഥാടക വിശ്രമ കേന്ദ്രങ്ങൾ, ചക്കംകണ്ടത്ത് ഹെലിപ്പാഡ് എന്നിവ നിർമ്മിക്കും. ഇതിന്നായി ഭൂമി ഏറ്റെടുക്കും.
ഇരിങ്ങപുറത്ത് സ്പോർട്സ് വില്ലേജ് : മാണിക്കത്ത് പടിയിൽ സ്റ്റേഡിയം
തൈക്കാട് – ഇരിങ്ങപുറം – കോട്ടപ്പടി റോഡിൽ അത്യാധുനിക സ്പോർട്സ് വില്ലേജിന് 8.25 ഏക്കർ, മാണിക്കത്ത് പടിയിൽ നൂതന സ്റ്റേഡിയം ഗ്രൗണ്ടിനായി 4. 26 ഏക്കർ , ബ്രഹ്മക്കുളം ഭഗത് സിംഗ് ഗ്രൗണ്ട് ആധുനിക വത്കരിക്കാൻ 2.76 ഏക്കർ ഭൂമി ഏറ്റെടുക്കും. പുതിയ പാർക്കുകൾ, പ്ലേ ഗ്രൗണ്ടുകൾ എന്നിവ നിർമ്മിക്കാനായി ഇരിങ്ങപുറം, തൈക്കാട് മേഖലകളിൽ ഭൂമി അക്വിസിഷൻ നടത്തും.
ചൊവ്വല്ലൂർപടി സെന്ററിൽ മൾട്ടി ഫക്ഷണൽ സെന്ററിന് 2. 22 ഏക്കർ, തമ്പുരാൻ പടി കമ്യൂണിറ്റി സെന്ററിന് 1. 12 ഏക്കർ, തൈക്കാട് എക്സിബിഷൻ സെന്ററിന് 3.4 ഏക്കർ , ആഗ്രോ പാർക്കിനായി മുതുവട്ടൂരിൽ 3.85 ഏക്കർ, തൈക്കാട് ബസ് പാർക്കിംങ് സെന്ററിനായി 3.95 ഏക്കർ ഭൂമി ഏറ്റെടുക്കും. തമ്പുരാൻ പടി, കോട്ടപ്പടി, പടിഞ്ഞാറെ നട എന്നിവിടങ്ങളിൽ പുതിയ മാർക്കറ്റുകൾ നിർമ്മിക്കാൻ ഭൂമി ഏറ്റെടുക്കും.
വീട്, കെട്ടിടങ്ങൾ നിർമ്മാണം: ഇനി അമൃത് മാസ്റ്റർ പ്ലാൻ അനുസരിച്ച് മാത്രം
വീടുകൾ, കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങിയവക്ക് ഗുരുവായൂർ നഗരസഭ പരിധിക്കുള്ളിൽ ഇനി നിർമ്മാണ അനുമതി അമൃത് മാസ്റ്റർ പ്ലാൻ അനുസരിച്ച് മാത്രമാണ് ലഭിക്കുക. ചില ഭാഗങ്ങളിൽ ഇവ നിർമ്മിക്കാൻ അനുമതി ലഭിക്കില്ല(വിശദ വിവരങ്ങൾക്ക് 450 ഓളം പേജ് മരുന്ന ഗുരുവായൂർ അമൃത് മാസ്റ്റർ പ്ലാൻ പരിശോധിക്കുക)