സ്ഥാനാർത്ഥിത്വത്തിന് വേണ്ടി കേരളം മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന വ്യക്തിയല്ല താനെന്നും ഒരു സ്ഥാനാർത്ഥിമോഹിയായി ഇങ്ങനെ ചിത്രീകരിക്കരുതെന്നും അവർ വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ കൺവെൻഷനിൽ പങ്കെടുക്കാൻ വന്നപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോലും പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനോടും അഖിലേന്ത്യാ നേതൃത്വത്തോടും താൻ പറഞ്ഞത്, ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ല എന്നായിരുന്നു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് 28-ാം ദിവസം സ്ഥാനാർത്ഥിയായി ആലപ്പുഴയിലേക്ക് പോകേണ്ടി വന്നു. അങ്ങനെയൊരു വ്യക്തിയെ മാദ്ധ്യമങ്ങൾ സ്ഥാനാർത്ഥിമോഹിയായി ചിത്രീകരിക്കുന്നത് ദുഃഖകരമാണ്.
എംഎൽഎ അല്ലെങ്കിൽ എംപി ആവുക എന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതി നടക്കുന്നയാളല്ല താൻ. പത്ത് പേരില്ലാത്ത കാലം മുതൽ പ്രവർത്തിച്ച് തുടങ്ങിയതാണ്. കേരളത്തിൽ എൻഡിഎയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഇതുപോലെ പ്രവർത്തിക്കാനുള്ള ആരോഗ്യം നിലനിർത്തണേയെന്ന പ്രാർത്ഥന മാത്രമേയുള്ളൂവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
മതേതരത്വത്തിന് വേണ്ടി, വർഗീയതയ്ക്കെതിരെ മത്സരിക്കുമെന്നാണ് പാലക്കാട് എൽഡിഎഫും യുഡിഎഫും പറയുന്നത്. എന്നാൽ അവർ തുറന്ന വ്യാജ മതേതരത്വത്തിന്റെ കട ബിജെപി പൂട്ടിക്കും. ഭാവാത്മക മതേതരത്വത്തിന്റെ കട ബിജെപി തുറക്കുകയും ചെയ്യും. പാലക്കാട് നിൽക്കുന്നത് ആരായാലും അവിടെ വ്യക്തിക്കല്ല പ്രാധാന്യമെന്ന് ആദ്യമേ താൻ പറഞ്ഞിട്ടുള്ളതാണ്. തല പൊട്ടി കിടക്കുന്ന മഹിളാ കോൺഗ്രസുകാരുടെ കാര്യം രാഹുൽ മാങ്കൂട്ടത്തിൽ നോക്കിയാൽ മതി. താൻ പ്രചാരണത്തിന് എത്തിയില്ലെന്ന് പറഞ്ഞ് അത്ര കണ്ട് സ്നേഹിക്കേണ്ട. അതുകൊണ്ട് സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത് എന്നാണ് മാദ്ധ്യമസുഹൃത്തുക്കളോട് പറയാനുള്ളതെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.