കൊച്ചി: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ മൊഴി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) രേഖപ്പെടുത്തി.
ചെന്നൈയില്‍ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലില്‍നിന്ന് വീണയുടെ കമ്ബനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. കേസ് റജിസ്റ്റർ ചെയ്തു പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരെ ഉയർന്ന മാസപ്പടി ആരോപണത്തില്‍ വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) ഓഫിസിലും കൊച്ചിയിലെ കരിമണല്‍ കമ്ബനിയായ സിഎംആർഎല്ലിലും എസ്എഫ്ഐഒ അന്വേഷണം നടത്തിയിരുന്നു. വീണയുടെ കമ്ബനിയായ എക്സാലോജിക്കിന്റെ വിവരങ്ങള്‍ ആരായാനാണ് വീണയുടെ മൊഴിയെടുത്തത്. സിഎംആർഎല്ലില്‍ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്.
ജനുവരി അവസാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്ബനിയുടെ ദൂരൂഹമായ ഇടപാടുകള്‍ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴില്‍ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. വീണയുടെ കമ്ബനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണല്‍ കമ്ബനിയായ സിഎംആർഎല്‍, കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുണ്‍ പ്രസാദിനാണ് അന്വേഷണ ചുമതല. കമ്ബനികളുടെ സാമ്ബത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ചതാണ് എസ്എഫ്ഐഒ. റെയ്ഡിനും അറസ്റ്റിനും എസ്എഫ്ഐഒയ്ക്ക് അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജൻസികളുടെ സഹായം തേടാം.