തിരുവനന്തപുരം: ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ ദേവസ്വം ബോർഡിൻ്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ പ്രായോഗികമല്ലെ”ന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ഏറെ ദൂരം യാത്രചെയ്ത് വരുന്നവർക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാൻ കഴിയണമെന്നില്ല. ആചാരപ്രകാരം കാൽനടയായി അയ്യപ്പദർശനത്തിനെത്തുന്ന ഭക്തരുടെ കാര്യവും അതുതന്നെ. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് ഇത്തരക്കാരായ ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് സ്വാമി ദർശനത്തിനുള്ള അവസരം നിഷേധിക്കുന്നതിന് സമമാണ്. അതിനാൽ മുൻ വർഷങ്ങളെപ്പോലെ ഓൺലൈനിനൊപ്പം തന്നെ ഭക്തജനങ്ങൾക്ക് സ്പോട്ട് ബുക്കിങ് സൗകര്യവും ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
“സ്ത്രീ പ്രവേശനം മുതൽ സമീപ വര്‍ഷങ്ങളിലെല്ലാം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് തീര്‍ഥാടനം ദുഷ്കരമാക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയ്യുന്നത്. ഇത് മനഃപ്പൂർവ്വമാണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു”വെന്ന് അദ്ദേഹം പറഞ്ഞു. ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബോർഡും സർക്കാരും തിരിച്ചറിയണം. അതിനാൽ ഈ വിഷയത്തിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണം.
ദേവസ്വം ബോർഡ് നിലകൊള്ളേണ്ടത് ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകണം. എന്നാൽ അത് സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ഭക്തരുടെ ഹിതത്തിനെതിരായ നിലപാടാണ് തിരുവിതാംകൂർ ബോർഡിൻ്റെയും സംസ്ഥാന സർക്കാരിൻ്റേയും ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.