തിരുവല്ല: ഭാരതം നിലനില്ക്കുന്നത് ലോകത്തിന് വേണ്ടിയാണ്. വൈവിദ്ധ്യങ്ങളുടെ നാടാണ് ഭാരതം എങ്കിലും സമഭാവന സനാതനത്വം ശീലിപ്പിച്ചതിലൂടെയാണ് ലോകം ഗുരുവായി ഭാരതത്തെ കാണുന്നതെന്ന് ആർ.എസ്. എസ്. അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.കെ. മോഹൻ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സ്വയം സേവക സംഘം ഇരവിപേരൂർ ഖണ്ഡിന്റെ വിജയദശമി ആഘോഷം കവിയൂർ തോട്ടബ്ഭാഗത്തെ കേസരി നഗറിലെ സപര്യ 2024 ൽ ബൗധിക് നടത്തുകയായിരുന്നു അദ്ദേഹം. പ്രാചീന ഭാരത സംസ്ക്കാരങ്ങളുടെ ഋഷീശ്വര ശ്രേഷ്ഠതയാണ് അനുവർത്തിക്കേണ്ടതെന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ വാക്കുകൾ ദേശീയ നവോത്ഥാന പ്രവർത്തനങ്ങളിൽ ആധുനിക ഭാരതം ശീലമാക്കണം. ആധുനിക ലോകം കണ്ടെത്തിയ ശാസ്ത്ര വൈദഗ്ധ്യങ്ങൾ പ്രാചീന ഭാരത്തിന്റെ സംഭാവനയാണെന്ന് ലോകം തിരിച്ചറിഞ്ഞതും ഭാരതത്തിന്റെ മഹനീയത വർദ്ധിപ്പിക്കുന്നു. രാഷ്ട്രത്തിന്റെ സാമൂഹിക സുരക്ഷയിൽ വ്യക്തിക്ക് അതീവ പ്രാധാന്യമുണ്ട്. എന്നാൽ ഭാരതത്തിൽ അധിവസിക്കുന്ന ചിലർ ലോകത്തിന് മുൻപിൽ ഭാരതത്തെ അവതിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ ദേശീയ ജനത ശ്രദ്ധാപൂർവ്വം തിരിച്ചറിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോഫ. രഞ്ജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ശാരീരിക് പ്രദർശനം, ഗണഗീതം, അമൃത വചനം എന്നിവയും നടന്നു. ശബരിഗിരി ജില്ല സഹസംഘചാലക് സി.എൻ. രവികുമാർ, ദക്ഷിണ കേരള പ്രാന്ത സഹവ്യവസ്ഥ പ്രമുഖ് പി.സുനിൽ , ഇരവിപേരൂർ ഖണ്ഡ് കാര്യവാഹ് ആർ.വിഘ്നേഷ്, ഖണ്ഡ് പ്രചാർ പ്രമുഖ് എം.ആർ.രാകേഷ് എന്നിവർ സംസാരിച്ചു. സപര്യ 2024 ന്റെ ഭാഗമായി കണിയാമ്പറ ജംഗ്ഷനിൽ നിന്ന് തോട്ടബ്ഭാഗം കേസരി നഗറിലേക്ക് പഥസഞ്ചലനം നടന്നു. റോഡിന്റെ ഇരുവശങ്ങളിലും ജംഗ്ഷനിലും വൻ ജനാവലിയാണ് പഥസഞ്ചലനത്തെ പുഷ്പവൃഷ്ടി നടത്തി വരവേൽപ്പ് നല്കിയത്