അപ്പീല്‍ നല്‍കുന്നതിനുള്ള ഫീസ് സ്കൂള്‍ തലത്തില്‍ 500ല്‍ നിന്ന് 1000 ആക്കി. ഉപജില്ലാ തലത്തില്‍ 1000 രൂപയില്‍ നിന്ന് 2000 ആയും ജില്ലയില്‍ 2000ത്തില്‍ നിന്ന് 3000 ആയും ഉയർത്തി. സംസ്ഥാന തലത്തില്‍ അപ്പീല്‍ നല്‍കാനുള്ള ഫീസ് 2500ല്‍ നിന്ന് 5000 രൂപയായും വർധിപ്പിച്ചു. ജില്ലാതല അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തില്‍ കെട്ടിവെക്കേണ്ട നിരതദ്രവ്യം 5000ത്തില്‍ നിന്ന് 10,000 രൂപയാക്കി. ജില്ലാതല വിജയിയേക്കാള്‍ ഉയർന്ന സ്കോർ ലഭിച്ചില്ലെങ്കില്‍ തുക തിരിച്ചു ലഭിക്കില്ല.
ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ഗ്രൂപ്പ് അടക്കം അഞ്ചായി ചുരുക്കിയത്.
നിലവില്‍ ജനറല്‍, സംസ്കൃതം, അറബിക് കലോത്സവങ്ങളില്‍ ഓരോന്നിലും രണ്ട് ഗ്രൂപ്പ് ഇനങ്ങള്‍ അടക്കം പരമാവധി അഞ്ച് ഇനങ്ങളിലും മത്സരിക്കാമായിരുന്നു. എന്നാല്‍ ഇനി എല്ലാ കലോത്സവങ്ങളിലുമായി മൂന്ന് വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മാത്രമാകും പങ്കെടുക്കാവുക.