സംസ്ഥാനത്ത് കെ സ്റ്റോറിലൂടെ പ്രാദേശികമായി നിർമ്മിച്ച 10 കോടിയുടെ ഉത്പന്നങ്ങൾ വില്പന നടത്തിയതായി മന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചു. സ്വർണ ഇടപാടുകളിലേതടക്കമുള്ള നികുതിച്ചോർച്ചയും തട്ടിപ്പും തടയുന്നതിന് ഇ ഇൻവോയിസിംഗ് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബില്ലടച്ചാൽ ഉടൻ വകുപ്പിനും വ്യക്തികൾക്കും വിവരങ്ങൾ ലഭ്യമാക്കുന്നതാണിത്. ബിസിനസ് ടു കസ്റ്റമർ മേഖലയിൽ ബില്ല് നൽകാത്ത പ്രവണത തടയുന്നതിനാണ് ഈ സംവിധാനം
488 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി
സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ സ്വർണ വില്പനയിൽ 488 കോടിയുടെ നികുതി വെട്ടിപ്പ് പിടികൂടി. ഇതിൽ 305 കോടി രൂ തിരിച്ചടപ്പിക്കാനായി. ഇന്റലിജൻസ് സംവിധാനം കൂടതൽ ശക്തിപ്പെടുത്തി 2,000 കോടിയാണ് സർക്കാർ ഖജനാവിൽ എത്തിച്ചത്.
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഒരു വിവരവും അറിയിച്ചിട്ടില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. റെക്കാഡ് വേഗത്തിലാണ് പദ്ധതിക്കുള്ള സ്ഥലമേറ്റെടുത്ത് നൽകിയത്.
സഹകരണ റിസ്ക്,ഫണ്ടിന് 327.12 കോടി
സർക്കാർ അധികാരത്തിൽ വന്നശേഷം സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിൽ മരണാനന്തര, ചികിത്സാ പദ്ധതി പ്രകാരം 327.12 കോടി അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകാരികൾക്കുള്ള ആശ്വാസ നിധി പദ്ധതി പ്രകാരം 1.02 കോടിയും സഹകരണ അംഗസമാശ്വാസ നിധി പദ്ധതി പ്രകാരം 83.33 കോടിയും ധനസഹായമായി അനുവദിച്ചു.