കൊച്ചി: എടയാർ വ്യവസായ മേഖലയിൽ ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെ ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്ഥാപനം അടച്ചുപൂട്ടാതിരിക്കാൻ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് അറിയിപ്പ്. മലപ്പുറം സ്വദേശി മുഹമ്മദ് ഫവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനിക്ക് ബോയ്ലർ ഉപയോഗിക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ല. ഐബിആർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിർമ്മിച്ച ബോയിലറാണ് കമ്പനി ഉപയോഗിച്ചത്. എടയാറിലെ അശ്വതി എൻജിനിയറിംഗ് വർക്സാണ് മിനി ബോയിലർ നിർമ്മിച്ചത്. ഇയാൾക്ക് ബോയിലർ നിർമ്മിക്കാൻ സെൻട്രൽ ബോയ്ലർ ബോർഡിന്റെ അനുമതിയില്ല. ഇയാൾക്കെതിരെ നിയമനടപടിയെടുക്കാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എടയാർ വ്യവസായ മേഖലയിലെ നിരവധി ചെറുകിട കമ്പിനികളിൽ ഇതേകമ്പനിയുടെ ബോയിലറാണ് സ്ഥാപിച്ചിരിക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.