ബാങ്കിൽ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബര്‍ക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്. തുക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയപ്പോള്‍ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബര്‍ക്കത്ത് പൂന്തുറ കുമരിച്ചന്തയിലുള്ള എസ്ബിഐ ബാങ്ക് ശാഖയിലെത്തി. ശേഷം ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപയുടെ 25 നോട്ടുകള്‍ നിക്ഷേപിക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. സൗദിയിലുള്ള ഭര്‍ത്താവിന്റെ സുഹൃത്ത് ഭര്‍ത്താവിന് നല്‍കിയതാണെന്നാണ് ചോദ്യം ചെയ്യലില്‍ ബര്‍ക്കത്ത് പറഞ്ഞത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.