മലയിന്‍കീഴ് : ഗാന്ധിജയന്തി ദിനത്തില്‍ കുട്ടികളെ വരവേല്‍ക്കാന്‍ മലയിന്‍കീഴ് ജി.എച്ച്.എസ്.എസില്‍ ഗാന്ധിപ്രതിമയും റോക്ക് ഗാര്‍ഡനും ഒരുങ്ങി. ഒരു വര്‍ഷത്തെ ശ്രമഫലമായാണ് ഗാന്ധി പ്രതിമയും ഗാന്ധി റോക്ക് ഗാര്‍ഡനും യാഥാര്‍ത്ഥ്യമാക്കിയത്. സര്‍ക്കാര്‍ ഫണ്ടോ മറ്റ് സഹായങ്ങളോ സ്വീകരിക്കാതെ തികച്ചും സ്കൂള്‍ പി.ടി.എയുടെ മേല്‍നോട്ടത്തിലാണ് ഗാന്ധി സ്മാരകം നിര്‍മ്മിച്ചത്. സ്കൂളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് വിജയത്തിലെത്തിച്ചത്. പി.ടി.എ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംഭാവനകള്‍ കൂടാതെ സ്കൂളില്‍ നടത്തിയ ഭക്ഷ്യമേള, ഐസ്ക്രീം മേള എന്നിവയിലൂടെയും ഗാന്ധിസ്മാരകത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തിയിരുന്നു.
ഗാന്ധി റോക്ക് ഗാര്ഡന് ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗാന്ധി ക്ലബ് കണ്‍വീനര്‍ ആയിഷ ഫാത്തിമ അധ്യക്ഷയായി. മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ട് ഗാന്ധി അനുസ്മരണസംഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ധ്യാനനിമഗ്നനായ ഗാന്ധിജിയെയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളതെന്നും അഹിംസയും നിരാഹാരവും സമരമുറകളായി സ്വീകരിച്ച അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങളെയാണ് നാം പിന്തുടരേണ്ടതെന്നും സ്ക്കൂള് പ്രിന്‍സിപ്പല്‍ സിന്ധു പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് അംഗം കെ.വാസുദേവന്‍നായര്‍, പ്രഥമാധ്യാപിക ലീന, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന് ശിവഗംഗ, എക്സിക്യൂട്ടീവ് അംഗം ഷിബു.എ.എസ്, ക്ലബ് അംഗം അല്‍ക്ക സജിന്‍, ജോ.കണ്‍വീനര്‍ അഹല്യ പ്രതാപ് എന്നിവര്‍ സംസാരിച്ചു.