തിരുവനന്തപുരം: കാടിന്റെ മക്കൾ ആചാരത്തിന്റെ പവിത്രതയുമായി കവടിയാർ കൊട്ടാരത്തിലെത്തി. അഗസ്ത്യമലയുടെ താഴ് വാരത്തു നിന്ന് അവർ ശേഖരിച്ച വനവിഭവങ്ങൾ രാജകുടുംബത്തിന് തിരുമുൽകാഴ്ചയായി സമർപ്പിച്ചു.
കോട്ടൂരിലെ 17 വനവാസി സെറ്റിൽമെൻ്റുകളിൽ നിന്നുള്ള 50 വനവാസികളാണ് തിരുമുൽകാഴ്ച സമർപ്പണത്തിന് കൊട്ടാരത്തിൽ എത്തിയത്.
വനവാസികളുടെ ഈ യാത്രയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഊരുമൂപ്പൻ വില്ലിയൻ കാണി, മാതേവി കാണി എന്നിവരുടെ നേതൃത്വത്തിൽ കാണിക്കവച്ച്, ഓണപ്പാട്ടുകൾ പാടി, രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ പാർവതീ ഭായി, പത്മശ്രീ ഗൗരിലക്ഷ്മീഭായി, ആദിത്യവർമ്മ എന്നിവർ ചേർന്ന് കാടിൻ്റെ മക്കളെ സ്വീകരിച്ചു. കൊട്ടാരത്തിൽ നിന്ന് കൈനീട്ടം വാങ്ങി, സദ്യയും കഴിച്ചായിരുന്നു ഇവരുടെ മടക്കം.
കാട്ടുതേൻ, നെല്ലിക്ക, തിന, ചേന, ചേമ്പ് എന്നിവയെല്ലാം കാണിക്കയായി ഇവർ കൊണ്ടു വന്നിരുന്നു. മാസങ്ങളോളം വനത്തിൽ അലഞ്ഞാണ് ഇവർ ഇതൊക്കെ ശേഖരിച്ചത്. ചൂരലിൽ നിർമ്മിച്ച കുട്ട, വട്ടി, മുറം എന്നിവയും തമ്പുരാട്ടിമാർക്ക് സമർപ്പിച്ചു. കോട്ടൂർ മുണ്ടണി മാടൻകോവിൽ ക്ഷേത്രസമിതിയാണ് ആചാരയാത്രയ്ക്ക് നേതൃത്വം നൽകിയത്.
വേണാട് രാജവംശം ഭരിച്ചിരുന്ന കാലത്താണ് രാജാവിന് കാണിക്ക നൽകുന്ന സമ്പ്രദായം തുടങ്ങിയത്. കാണിക്ക വച്ചവരെന്ന അർത്ഥത്തിലാണ് വനവാസികൾക്ക് കാണിക്കാർ എന്ന വിളിപ്പേര് കിട്ടിയതത്രെ. ഉച്ചയ്ക്കുശേഷം ശംഖുമുഖം കടൽത്തീരവും നഗരകാഴ്ചകളും കണ്ടശേഷം സന്ധ്യയോടെയാണ് വനവാസികൾ കാട്ടിലേക്ക് മടങ്ങിയത്.