തിരുവനന്തപുരം: നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ജനം. ഉച്ചയ്ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. നഗരത്തിൽ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. പൂർണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ മന്ത്രി വി.ശിവൻകുട്ടി യോഗം വിളിച്ച് പ്രശ്ന പരിഹാരം ചർച്ച ചെയ്തിരുന്നു.