കൊച്ചി: മലയാള സിനിമ മേഖലയിൽ സമ്പൂർണ്ണ ശുദ്ധികലശം ആവശ്യമെന്ന് എംഐസി പ്രസിഡന്റ് പ്രതാപ് ജോസഫ്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നാലര വർഷം വൈകിയെന്നും ചില പേജുകൾ എന്ത് കൊണ്ട് സർക്കാർ ഒഴിവാക്കിയത് എന്നും അന്വേഷിക്കണമെന്നും പ്രതാപ് ജോസഫ് പറഞ്ഞു. സർക്കാർ മറുപടി പറയണം, കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി എന്തുകൊണ്ടാണ് സർക്കാർ സ്വീകരിക്കുന്നത്, കുറ്റക്കാർക്ക് പകരം ഇരകളുടെ സ്വകാര്യതയാണ് സംരക്ഷിക്കേണ്ടതെന്നും പ്രതാപ് ജോസഫ് പറഞ്ഞു.
റിപ്പോർട്ടിലെ കുറ്റക്കാർക്ക് എതിരെ നിയമനടപടി സ്വീകരിക്കണം. ആരോപണവുമായി രംഗത്ത് വരുന്നവർ പരാതി നൽകട്ടെ എന്ന നിലപാട് ശരിയല്ല. സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. സിനിമ മേഖലയിലുള്ള വലിയ മാഫിയകളുടെ പേരുകൾ പുറത്തു വിടണം, പുതുതായി വരുന്ന ആളുകളും ദുർബലരും ആണ് ചൂഷണം ചെയ്യപ്പെടുന്നതെന്നും പ്രതാപ് ജോസഫ് കൂട്ടിച്ചേർത്തു.