സ്വീകരണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. കായിക-വിദ്യാഭ്യാസ മന്ത്രിമാർ തമ്മിലുള്ള പോരിനെത്തുടര്‍ന്ന് തിങ്കളാഴ്ച്ച നടത്താനിരുന്ന സ്വീകരണ പരിപാടി റദ്ദാക്കി. കായിക വകുപ്പ് മന്ത്രിയുടെ പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണം റദ്ദാക്കിയത്. കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് പരിപാടി മാറ്റിയ കാര്യം ശ്രീജേഷിനെ അറിയിച്ചത്.
പാരീസ് ഒളിമ്പിക്സില്‍ അഭിമാന നേട്ടം കൈവരിച്ച പിആര്‍ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പാണ് സ്വീകരണം ഒരുക്കിയത്. ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ നിറയെ ബാനറുകളും ഉയര്‍ത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയം വരെ ഘോഷയാത്ര നടത്തി വമ്പൻ സ്വീകരണമായിരുന്നു ആസൂത്രണം ചെയ്തത്.എന്നാൽ പരിപാടിക്ക് എതിരെ പരാതിയുമായി കായികമന്ത്രി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.കായിക വകുപ്പാണ് ആദ്യം സ്വീകരണം നല്‍കേണ്ടതെന്നാണ് വാദം. ഇന്ന് സ്വീകരണം നടത്താനായിരുന്നു കായികവകുപ്പ് നീക്കം. പക്ഷെ മുഖ്യമന്ത്രിയുടെ ഡേറ്റ് കിട്ടിയില്ല. ഇതിനിടെയാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരണത്തിന് നടപടി തുടങ്ങിയത്. കായികമന്ത്രി പരാതിപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പരിപാടി റദ്ദ് ചെയ്യാന്‍ അറിയിപ്പെത്തിയത്.