വയനാടിന്റെ പുനർ നിർമ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാനും തടസമില്ലെന്ന് സർക്കാർ അറിയിച്ചു. എല്ലാ ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കുമെന്ന് അറിയിച്ച് ഐഎംജിയും കെഎസ്ഇബിയും സർക്കുലർ ഇറക്കിയിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത്.
അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വായ്പാ അപേക്ഷ നിരസിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന് വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നു. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിപ്പ് പുറപ്പെടുവിച്ചത്.