ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ ചൂഷണം തുറന്ന് കാട്ടി തിരുവനന്തപുരം വനിതാ കോളേജ് മുൻ അധ്യാപിക ഡോ. മേരി ജോർജ്. 1980 കളിൽ വനിതാ കോളേജ് വിദ്യാർത്ഥിനികളെ ഒരു സിനിമാതാരം ദുരുപയോഗം ചെയ്തെന്ന് വെളിപ്പെടുത്തിയാണ് മുൻ അധ്യാപിക രംഗത്തെത്തിയിട്ടുള്ളത്.
വില കൂടിയ കാറിൽ കോളേജ് പരിസരത്തെത്തി ഒരു പ്രധാന സിനിമാ താരം കുട്ടികളെ കൊണ്ടുപോയി. ചില കുട്ടികൾ അധ്യാപികമാർക്ക് രഹസ്യ വിവരം നൽകിയതിനെ തുടർന്ന് അധ്യാപികമാരുടെ നിരീക്ഷണത്തിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം അന്നത്തെ കോളേജ് പ്രിൻസിപ്പാൾ ഹൃദയകുമാരിയെ അധ്യാപികമാർ അറിയിച്ചിരുന്നുവെന്നും ഡോ. മേരി ജോർജ്ജ് വെളിപ്പെടുത്തി.
വലിയ നടൻ കുട്ടികളുമായി സ്വകാര്യമായി ബന്ധം സ്ഥാപിച്ചുവെന്നും തൽക്കാലം ആ നടന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഡോ. മേരി ജോർജ് പറഞ്ഞു. സിനിമയെ കുറിച്ച് പഠിക്കാമെന്ന് പറഞ്ഞാണ് ഷൂട്ടിങ് സെറ്റിലേക്ക് കുട്ടികളെ കൊണ്ട് പോവുക. ലൈംഗിക ചൂഷണത്തിനടക്കം ആ കുട്ടികൾ വിധേയരായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നുവെന്നും ഡോ. മേരി ജോർജ്ജ് വ്യക്തമാക്കി.