കേന്ദ്ര സർക്കാർ നൽകുന്ന കാർഡിൽ ഉള്ളതിനേക്കാൾ ശതമാനം കുറച്ച് കാട്ടിയാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് എന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി.മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി. കേന്ദ്ര സർക്കാർ നൽകുന്ന കാർഡിൽ ഉള്ളതിനേക്കാൾ ശതമാനം കുറച്ച് കാട്ടിയാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് എന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. ഇതുമൂലം നിരവധി വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിൽ സംവരണം നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
40% ഭിന്നശേഷിക്കാരിയാണ് വിദ്യാർത്ഥിനിയായ ആമിന ദിൽസ. കേന്ദ്ര സർക്കാരിന്റെ കാർഡിലും അത് വ്യക്തമാണ്. എന്നാൽ കീമിന്റെയും നീറ്റിന്റെയും ഭിന്നശേഷി പരിശോധനയിൽ ആമിന ദിൽസക്ക് ഭിന്നശേഷി വെറും 16 ശതമാനം മാത്രമാണ്. ആമിനക്ക് മാത്രമല്ല ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികൾക്കാണ് സർക്കാരിന്റെ കാർഡിനുള്ളതിനേക്കാൾ കുറവ് ഭിന്നശേഷി രേഖപ്പെടുത്തിയിട്ടുള്ളത്. 87 സീറ്റുകളാണ് കേരളത്തിൽ മാത്രം ഭിന്നശേഷിക്കാർക്ക് മെഡിക്കൽ പ്രവേശനത്തിന് സംവരണം ഉള്ളത്. ഇതിൽ 51 സീറ്റുകളിലേക്ക് പ്രവേശനം നടത്തിക്കഴിഞ്ഞതായും അർഹരായ വിദ്യാർഥികളെ ഒഴിവാക്കിയെന്നും വിദ്യാർത്ഥികൾ പറയുന്നു.
കേന്ദ്ര ഗവൺമെന്റ് നൽകിയ ഭിന്നശേഷി കാർഡിൽ ഉള്ളതാണ് ഇവരുടെ യഥാർത്ഥ ഭിന്നശേഷിയെന്നാണ് ഭിന്നശേഷി കമ്മീഷണർ പറയുന്നത്. അതിൽ നിന്നും ഭിന്നശേഷി കുറച്ച് കാണിക്കാൻ മെഡിക്കൽ ബോർഡിന് അധികാരമില്ലെന്നും ഭിന്നശേഷി കമ്മീഷണർ പറഞ്ഞു. എന്നാൽ മാനദണ്ഡപ്രകാരമാണ് മെഡിക്കൽ ബോർഡ് പരിശോധന നടത്തിയതെന്നും ബോർഡിന്റെ തീരുമാനമാണ് കണക്കിലെടുക്കുകയെന്നുമാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം