രണ്ടോ അതിലധികമോ മരുന്നുകൾ ചേർത്തിട്ടുള്ള ഫിക്‌സഡ്- ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ കൂട്ടനിരോധനം വീണ്ടും. സംയുക്തമാക്കിയതു കൊണ്ടു പ്രയോജനമില്ലെന്നു മാത്രമല്ല, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്നു കൂടി വിലയിരുത്തിയാണ് 156 മരുന്നുകൾ ആരോഗ്യ മന്ത്രാലയവും നിരോധിച്ചത്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആൻ്റിബയോട്ടിക്ക്, ആൻ്റി അലർജിക് മരുന്നുകൾ, വേദനസംഹാരികൾ, മൾട്ടിവിറ്റമിനുകൾ തുടങ്ങിയ വിഭാഗങ്ങളിലാണ് നിരോധിക്കപ്പെട്ട മരുന്നുകൾ. 2016 ൽ 344 എഫ്ഡിസികൾ നിരോധിച്ച ശേഷമുള്ള വലിയ നടപടിയാണ് ഇപ്പോഴത്തേത്
മരുന്നുകളുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശക സമിതിയുടെതാണ് (ഡിടിഎബി) തീരുമാനം. കേന്ദ്രസർക്കാരും ഡിടിഎബിയും വെവ്വേറെ ഉപസമിതികളെ വച്ചു പരിശോധിച്ചിരുന്നു. അവയുടെ ശുപാർശ പ്രകാരമാണു നിരോധനം. 324 മരുന്നുകൾ പരിശോധിച്ച ശേഷം 156 എണ്ണം നിരോധിച്ചത്.
വേദനസംഹാരിയായ മെഫനാമിക്ആസിഡും പാരസെറ്റമോൾ ഇൻജക്ഷനും ചേർന്ന മരുന്ന് സംയുക്തം, വയറുവേദനയ്ക്കു കഴിക്കുന്ന ഒമിപ്രസോൾ മഗ്നീഷ്യം ഡൈസിക്ലോമിയൻ ഹൈഡ്രോക്ലോറൈഡ് സംയുക്തം തുടങ്ങിയവ നിരോധിക്കപ്പെട്ടവയിൽപെടുന്നു. കഫത്തിനും മറ്റും ഉപയോഗിക്കുന്ന സിറപ്പും പാരസെറ്റമോളും, ആക്‌ടി ക്രീമോടു കൂടിയ ആൻ്റിബയോട്ടിക്കും അയോഡിൻ സൊല്യൂഷനും മെൻതോളും അലോവേരയും പൊള്ളലിനു നൽകുന്ന സിൽവർ സൽഫഡയാസിനും ആൻ്റിസെപ്റ്റിക് ഏജൻ്റും കൂട്ടത്തിലുണ്ട്. സൺ ഫാർമസ്യൂട്ടിക്കൽസ്, ഡോ. റെഡ്ഡീസ്, സിപ്ല തുടങ്ങി മുൻനിര മരുന്നുൽപാദക കമ്പനികൾക്കു തിരിച്ചടിയാണു തീരുമാനം.