സംസ്ഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 23, 24 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനം കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 24,27 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു