വഖഫ് ബില്ലിൽ എതിർപ്പറിയിച്ച് ജെ.ഡി.യു. ഇതോടെ എൻ.ഡി.എയിൽ വിഷയത്തിൽ എതിർപ്പറിയിക്കുന്ന മൂന്നാമത്തെ പാർട്ടിയായി ജെ.ഡി.യു മാറി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും വഖഫ് ബില്ലിൽ ആശങ്ക അറിയിച്ചിരുന്നു. വഖഫ് ബില്ലിൽ മുസ്ലിം സമുദായത്തിന്റെ താൽപര്യം സംരക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ജെ.ഡി.യു വ്യക്തമാക്കി.നേരത്തെ പാർട്ടി എം.പി രാജീവ് രഞ്ജൻ ലോക്സഭയിൽ വഖഫ് ബില്ലിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് നിലപാട് മാറ്റമുണ്ടായിരിക്കുന്നത്.ബില്ലിനെ പൂർണമായും എതിർക്കുന്നില്ലെങ്കിലും ചില മാറ്റങ്ങൾ വേണമെന്നാണ് ജെ.ഡി.യുവിന്റെ നിലപാട്. നേരത്തെ വഖഫ് ബില്ലിലെ വിവാദ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു.