വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങളെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെഎസ്ഇബി. ചാനലിലൂടെ മാപ്പുപറയുകയും വസ്തുതകൾ അറിയിക്കുകയും ചെയ്തില്ലെങ്കിൽ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നു കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് അഡ്വ. ബി ശക്തിധരൻ നായർ വഴി നോട്ടീസ് നൽകിയത്. ‘കെഎസ്ഇബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ’ എന്ന ശീർഷകത്തിൽ ജൂലൈ 12നാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോയിലെ ഓരോ പരാമർശത്തിനും നിയമപരമായ മറുപടി രേഖപ്പെടുത്തിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ഇബി അറിയിച്ചു.