ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ വൈകിയതിൽ മാപ്പ് ചോദിച്ച് നടനും അമ്മ വൈസ് പ്രസിഡന്റുമായ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാവില്ലെന്നും സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ലൈംഗിക ചൂഷണങ്ങളിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസെടുത്താൽ അമ്മ അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു. കണ്ടെത്തലുകളിൽ അന്വേഷണം വേണം.
പേരുകൾ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. ഒറ്റപ്പെട്ടെ സംഭവം ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ കഴിയില്ല. വ്യവസായത്തിൽ പ്രശ്നങ്ങളുണ്ട്. എനിക്ക് നേരിട്ട് അനുഭവമില്ല.സിനിമ വ്യവസായത്തിൽ പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഭാവിയിൽ ഇല്ലാതാക്കണം. ഇതിൽ ചോദ്യങ്ങളുണ്ടാകുമ്പോൾ മറ്റിടത്തും നടക്കുന്നില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. സർക്കാർ റിപ്പോർട്ട് വൈകിയതിലും പേജുകൾ മാറ്റിയതിലും വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നുന്നില്ല. മാഫിയ സംഘങ്ങളുമില്ല.വ്യവസായം മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന. ദിലീപ് കേസിൽ ദിലീപ് രാജിവച്ചു. സ്വയം രാജിവച്ചയാൾക്കെതിരെ നടപടി സ്വീകരിക്കേണ്ട കാര്യമില്ല. റിപ്പോർട്ട് അന്ന് പ്രസിദ്ധീരിച്ചിരുന്നെങ്കിൽ ഇന്ന് ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകമായിരുന്നു. പേരുകൾ പുറത്തു വരട്ടെ, പുറത്തു വന്നാൽ ഗോസിപ്പുകൾ കുറയുമെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് അഞ്ചുവർഷം മുമ്പുള്ളതാണ്. റിപ്പോർട്ടിൽ പറയുന്ന അടിസ്ഥാന സൗകര്യങ്ങളിൽ ഇപ്പോൾ മാറ്റമുണ്ട്. എന്നാൽ റിപ്പോർട്ടിലെ മൊഴികൾ അപ്രസക്തം എന്നർത്ഥമില്ല. മൊഴികൾ വീണ്ടും ശേഖരിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.