കൊല്‍ക്കത്ത: പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും നുണ പരിശോധന. സന്ദീപ് ഘോഷ് ഉൾപ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ചു. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികൾ സംബന്ധിച്ച് സിബിഐ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്. പിജി ഡോക്ടർ കൊല്ലപ്പെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായ അഞ്ചു ഡോക്ടർമാരെയായിരിക്കും നുണപരിശോധനയ്ക്ക് വിധേയരാക്കുക. ചോദ്യം ചെയ്യലിനിടെ സന്ദീപ് ഘോഷ് നല്കിയ മറുപടിയില്‍ തൃപ്തരല്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 2021 ജനുവരി മുതൽ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. സന്ദീപ് ഘോഷിനെ തുടർച്ചയായി ചോദ്യം ചെയ്ത സാഹചര്യത്തിലായിരുന്നു ഈ നീക്കം. സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പശ്ചിമ ബംഗാൾ സർക്കാരിൻ്റെ ഉത്തരവിൽ പറയുന്നു.
സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സുപ്രീംകോടതിയില്‍ ഇന്ന് സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി സ്വമേധയാ എടുത്ത ഹര്‍ജിയുടെ വാദം കേള്‍ക്കവേയാണ് സിബിഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്