തിരുവനന്തപുരം: ചില രാജ്യങ്ങളിൽ എംബോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംബോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ രോഗം റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
2022ൽ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോസീജിയർ പുറത്തിറക്കിയിട്ടുണ്ടെന്നും അനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംപോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.