കാത്തിരിപ്പുകൾക്കൊടുവിൽ വെള്ളായണിയിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്‌ഘാടനം നാളെ എം.വിൻസന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.വൈകിട്ട് 5.30ന് കാക്കാമൂല കായൽക്കരയിലാണ് പരിപാടി.വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡ് മാറ്റി പാലം നിർമ്മിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് ഭരണാനുമതി ലഭിച്ചത്.
കിഫ്ബി ഫണ്ടിൽ നിന്ന് 30.25 കോടി രൂപ ചെലവഴിച്ചാണ് പൂങ്കുളം കാക്കാമൂല റോഡിനെ ബന്ധിപ്പിച്ച് പുതിയ പാലം നിർമ്മിക്കുക.ടെൻഡർ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ക്വാട്ട് ചെയ്താണ് അനുമതി നൽകിയത്. 173 മീറ്റർ നീളമുള്ള പാലത്തിന് 300 മീറ്റർ അപ്രോച്ച് റോഡുമുണ്ടാകും.13 മീറ്ററാണ് വീതി.ഒന്നര മീറ്റർ വീതം ഇരുവശങ്ങളിലുമായി ഫുട്പാത്ത് ഉണ്ടാകും. ഫുട്പാത്തിനടിയിൽ സ്ഥാപിക്കുന്ന ഡക്ടിൽ വാട്ടർ അതോറിട്ടി പൈപ്പ് ലൈനും വൈദ്യുതി വിതരണത്തിനുള്ള കേബിളും സ്ഥാപിക്കും. 35 മീറ്റർ അകലത്തിലുള്ള 5 സ്പാനുകളിലായാണ് പാലം നിർമാണം. 24 മാസമാണ് നിർമ്മാണ കാലാവധി.