ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അൻവർ എംഎൽഎ. ഫേസ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടാണ് എംഎൽഎയുടെ പരിഹാസം. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം മാപ്പുണ്ട്, നിലമ്പൂരിന്റെ മാപ്പുണ്ട്. ഇനിയും വേണോ മാപ്പ്.’-എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഇന്നലെ മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷൻ അൻവറിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അൻവർ മാപ്പ് പറയണമെന്നാണ് പ്രമേയത്തിലുള്ളത്. കൂടാതെ, എസ്പി ശശിധരനെതിരായ അധിക്ഷേപത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ഫേസ്ബുക്കിൽ മാപ്പ് ചിത്രങ്ങളുമായി അൻവർ എംഎൽഎ രംഗത്തെത്തിയത്.
മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിക്ക് എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിടുകയായിരുന്നു