അമ്പലപ്പുഴ: ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശം. നിരവധി വീടുകളും വൈദ്യുതി പോസ്റ്റും തകർന്നു. മരങ്ങൾ കടപുഴകി വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മാലിച്ചിറ ശാന്ത, നാലാം വാർഡിൽ നടുവിലേമുറി കൊച്ചുമോൾ ഓമനക്കുട്ടൻ, തകഴി പഞ്ചായത്ത് 8-ാം വാർഡിൽ കേളമംഗലം അഞ്ചിൽ ആനന്ദവല്ലി എന്നിവരുടെ വീടുകളാണ് തകർന്നത്. ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരിക്കുന്ന ശാന്തയുടെ വിടിന് മുകളിൽ സമീപ വാസിയുടെ പുളിമരം കടപുഴ വീണാണ് വീട് തകർന്നത്. മേൽക്കൂര വാർപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട വീടിന് മുകളിൽ മരം വീണ് ഭാഗകമായി തകർന്നിട്ടുണ്ട്. കൊച്ചുമോൾ ഓമനക്കുട്ടൻ്റെ വീടിന് മുകളിലും മരം കടപുഴകി വീണ് ഭാഗികമായി തകർന്നു. കേളമംഗലം സ്വദേശിനി ആനന്ദവല്ലിയുടെ വീട് പൂർണ്ണമായി നിലം പതിച്ചു. വിധവയായ ആനന്ദവല്ലിയും വിദ്യാർഥിയായ രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുള്ളത്.
തലവടി, കേളമംഗലം, ചെക്കിടിക്കാട്, പച്ച പ്രദേശങ്ങളിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. ഗ്രാമീണ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ട് കിടക്കുകയാണ്. ഇന്ന് പുലർച്ചെ ശക്തമായ മഴയ്ക്ക് ശേഷമാണ് ചുഴലിക്കാറ്റ് വീശിയത്.