സംസ്ഥാനത്തെ എ.എ.വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്പന്നങ്ങൾ അടങ്ങിയ ഓണകിറ്റ് സംസ്ഥാന സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറു ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകൾ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 6 മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകൾ സംഘടിപ്പിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഫെയറുകളിൽ ഒരുക്കും.
ഓണക്കാലത്തു നിത്യോപയോഗ സാധങ്ങൾ തടസമില്ലാതെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി/സൂപ്പർമാർക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാൻറഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ നൽകി വിൽപ്പന നടത്തും.
സെപ്റ്റംബർ 7 മുതൽ 14 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന 1500 ചന്തകളാണ് കൺസ്യൂമർ ഫെഡ് നടത്തുന്നത്. ഇതിൽ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകൾ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിൽ 13 ഇനം സാധനങ്ങൾക്കാണ് സബ്സിഡി നൽകുന്നത്. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ത്രിവേണികളിൽ സാധനങ്ങൾ ലഭ്യമാണ്.
കേരളത്തിലെ ഖാദി ഉത്പന്നങ്ങളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങൾക്ക് 30% വരെ റിബേറ്റ് നൽകിവരുന്നു. ഈ വർഷം ഓഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 14 വരെയാണ് ഓണം റിബേറ്റ് മേള. കേരളത്തിൽ ഖാദി മേഖലയിൽ പണി എടുക്കുന്ന 15000 തൊഴിലാളികൾക്ക് തുടർച്ചയായി ജോലിയും ആനുകൂല്യങ്ങളും ലഭിക്കുവാൻ റിബേറ്റ് വില്പന സഹായകമാവും. ഈ ബജറ്റിൽ റിബേറ്റ് നൽകാനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കൈത്തറി സംഘങ്ങൾക്കും നെയ്ത്തുകാർക്കും പ്രയോജനപ്രദമായ രീതിയിൽ ആഗസ്റ്റ് 23 മുതൽ സെപ്തംബർ 14 വരെ റിബേറ്റോടുകൂടി വിൽപന നടത്തും.
ഓണക്കാലത്ത് സർക്കാർ ആ ഭിമുഖ്യത്തിലുള്ള ആഘോഷമൊഴികെ മറ്റെല്ലാ കാര്യങ്ങളും നടക്കും. അതുകൊണ്ട് തന്നെ കലാകാരന്മാരും കച്ചവടക്കാരും സാധാരണ ജനങ്ങളെയാകെയും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുത്തുന്ന നില ഉണ്ടാകില്ല. കയർ ഫെഡ് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 30 വരെ അവരുടെ കയർ ഉൽപ്പങ്ങൾക്ക് പരമാവധി 23% ഇളവ് നൽകും. മെത്തകൾക്ക് പരമാവധി 50% ഇളവ് നൽകും.
2000 കർഷക ചന്തകൾ ഓണത്തിന്റെ ഭാഗമായി സെപ്തംബർ 11 മുതൽ 14 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാധാരണ പച്ചക്കറികൾക്ക് മൊത്ത വ്യാപാര വിലയെക്കാൾ 10 ശതമാനം കൂട്ടി കർഷകരിൽ നിന്ന് സംഭരിച്ച് വിപണി വിലയെക്കാൾ 30 ശതമാനം വരെ താഴ്ത്തിയായിരിക്കും വിൽക്കുക. ജൈവ പച്ചക്കറികൾമൊത്ത വ്യാപാര വിലയെക്കാൾ 20 ശതമാനം കൂട്ടി കർഷകരിൽ നിന്ന് സംഭരിച്ചും വിപണി വിലയെക്കാൾ 10 ശതമാനം വരെ താഴ്ത്തിയും വിൽക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു